കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആർജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ജീവനക്കാരൻ. മാഫിയയിൽ കുറഞ്ഞ വിശേഷണമൊന്നും ഘോഷിന് നൽകാനില്ലെന്നും അദ്ദേഹത്തിനെതിരെ പരാതി നൽകിയതിന് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നും മുൻ സഹപ്രവർത്തകനായിരുന്ന അക്തർ അലി പറയുന്നു. ബയോമെഡിക്കൽ മാലിന്യ അഴിമതിയിൽ ഘോഷ് പങ്കാളിയാണ്. പരീക്ഷയിൽ തോൽപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളിൽ നിന്നും ഘോഷ് പണം കൈപ്പറ്റുമായിരുന്നു. കോൺട്രാക്ടർമാരിൽ നിന്നും കമ്മീഷൻ വാങ്ങുന്നതും പതിവായിരുന്നുവെന്നും അലി പറഞ്ഞു.
ബയോമെഡിക്കൽ മാലിന്യ കുംഭകോണത്തിന്റെ അധ്യക്ഷനായിരുന്നു ഘോഷ്. ആശുപത്രിയിൽ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന 500-600കിലോ തൂക്കം വരുന്ന മാലിന്യങ്ങൾ അനധികൃത വ്യക്തികൾക്ക് കൈമാറും. റബ്ബർ കയ്യുറകൾ, സിറിഞ്ച്, സൂചികൾ എന്നിവയും ഇതിൽ ഉൾപ്പെടും. ശരിയായ സംസ്കരണത്തിനും പുനരുപയോഗത്തിനുമായി ഇവ അംഗീകൃത കേന്ദ്രങ്ങൾക്ക് മാത്രമേ കൈമാറാൻ കഴിയൂ’, അലിയെ പറ്റി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എല്ലാ ആരോഗ്യമേഖല സ്ഥാപനങ്ങളും 2016ലെ ബയോമെഡിക്കൽ മാലിന്യ നിർമാർജന നിയമം പാലിക്കണമെന്നും അലി കൂട്ടിച്ചേർത്തു. ആശുപത്രികളിൽ നിന്നും ഉത്പാദിക്കപ്പെടുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാൻ അംഗീകൃത കേന്ദ്രങ്ങൾക്ക് കൈമാറണമെന്നതാണ് നിയമം.
ആശുപത്രിയിൽ നടക്കുന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സർക്കാരിനുൾപ്പെടെ പരാതി നൽകിയിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ലെന്നും അലി പറയുന്നു.
‘പല തവണ ആശുപത്രിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. എന്നാൽ പ്രയോജനമൊന്നും ഉണ്ടായില്ല. എന്നെ സ്ഥലം മാറ്റുകയാണുണ്ടായത്. എനിക്കും ഭാര്യക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഇതിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നു. ഞാൻ നിശബ്ദനായില്ലെങ്കിൽ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. ഇതിനെതിരെയും മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും വിവരം അറിയിച്ചിരുന്നു’ അലി കൂട്ടിച്ചേർത്തു.
വിവിധ പദ്ധതികൾക്കായി നിയോഗിക്കപ്പെട്ട കോൺട്രാക്ടർമാരിൽ നിന്നും ഘോഷ് കമ്മീഷൻ വാങ്ങിയിരുന്നതായും അലി പറയുന്നു. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സ്ഥലം മാറ്റത്തിനും മറ്റുമായി വലിയ തുകയാണ് ഘോഷ് ഇവരിൽ നിന്നും ഈടാക്കിയിരുന്നത്. ചില വിദ്യാർത്ഥികൾക്ക് ഗസ്റ്റ് റൂമിലിരുന്ന് മദ്യപിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. മദ്യവും മറ്റ് ലഹരിവസ്തുക്കളും വാങ്ങിയെത്തി വിദ്യാർത്ഥികൾക്ക് നൽകും. പരീക്ഷയിൽ തോൽക്കില്ലെന്നും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയതിന് സർട്ടിഫിക്കറ്റ് നൽകാമെന്നും വാഗ്‌ദാനം ചെയ്‌ത് വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപയോളം ഇയാൾ പിടിച്ചെടുക്കാറുണ്ടെന്നും അലി പറയുന്നു.
ചൊവ്വാഴ്ചയാണ് സന്ദീപ് ഘോഷിൻ്റെ സാമ്പത്തിക അട്ടിമറികൾക്കെതിരായ അന്വേഷണം ആരംഭിക്കുന്നത്. ആശുപത്രിയിൽ 2021 മുതൽ നടന്ന എല്ലാ സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ വിഭാഗത്തെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. 2021ലാണ് ആർജെ കർ ആശുപത്രിയിൽ ഘോഷ് പ്രിൻസിപ്പാളായി നിയമിതനായത്.