ആലപ്പുഴ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ അക്രമിയുടെ കത്രികക്കുത്തേറ്റു കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ ഓര്‍മയ്ക്കായി നിര്‍മ്മിച്ച ഡോ. വന്ദനാദാസ് മെമ്മോറിയല്‍ ക്ലിനിക് ഇന്ന് നാടിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകീട്ടോടെയാണ് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ക്ലിനിക് ഉദ്ഘാടനം ചെയ്യുക.
വന്ദനാ ദാസിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കളാണ് പല്ലനയാറിന്റെ തീരത്ത് ക്ലിനിക് പണിതത്. മകള്‍ ജീവിച്ചിരിക്കുമ്പോള്‍ ക്ലിനിക് തുടങ്ങണം എന്നായിരുന്നു ആഗ്രഹം. വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുടങ്ങേണ്ടിവരുമെന്ന് കരുതിയില്ലെന്ന് വന്ദനദാസിന്റെ അമ്മ പറഞ്ഞു. അമ്മ വീടിനടുത്ത് ഒരു ആശുപത്രി വന്ദനയുടെ സ്വപ്നമായിരുന്നുവെന്ന് സുഹൃത്തുകളും പറയുന്നു.
Also Read: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്
ക്ലിനികിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ക്ലിനിക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സ്ഥിരമായി രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. വന്ദനയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ക്ലിനിക്കില്‍ സേവനം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മകളെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതും കാത്തിരിക്കുകയാണ് മാതാപിതാക്കള്‍.