അങ്കോല : അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തിരച്ചിൽ നടത്തുന്നതിന് ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും. കാർവാർ എം.എ.എ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ്, ഉത്തരകന്നഡ ജില്ലാ കളക്ടർ, എസ്.പി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഗോവയിൽനിന്ന് ഡ്രഡ്ജർ ജലമാർഗം തിങ്കളാഴ്ചയോടെ മണ്ണിടിച്ചിൽമേഖലയിലേക്ക് എത്തിക്കും. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്. ഈ തുക കർണാടക സർക്കാർ വഹിക്കും. ഡ്രഡ്ജർ എത്തിക്കുന്നതോടെ ഗംഗാവലി പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കംചെയ്ത് തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തൽ.
ഗോവയിലെ മണ്ഡോവി നദിയിലൂടെ കൊണ്ടുവരുന്ന ഡ്രഡ്ജർ ഗംഗാവലി പുഴയിലേക്ക് എത്തിക്കണമെങ്കിൽ രണ്ട് പാലങ്ങൾ കടക്കണം. അതിനാൽ പാലങ്ങൾക്കടിയിലൂടെ ഡ്രഡ്ജർ സുഗമമായി കടന്നുപോകാനുള്ള സജ്ജീകരണവും ഒരുക്കേണ്ടതുണ്ട്.