ഡ്രഡ്ജർ അഴിമതി: അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രീംകോടതി

ഡ്രഡ്ജർ അഴിമതി: അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രീംകോടതി
ഡ്രഡ്ജർ അഴിമതി: അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ഡ്രഡ്ജർ അഴിമതി കേസിൽ അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. മുൻ ഡി.ജി.പി. ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിന്റെ സംസ്ഥാന സർക്കാർ കൈമാറിയ മുദ്രവെച്ച കവറിലെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് തീരുമാനം. കേസ് നവംബർ രണ്ടാമത്തെ ആഴ്ച പരിഗണിക്കുന്നതിനായി സുപ്രീംകോടതി മാറ്റി. കേസ് അന്വേഷണത്തെ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ സുപ്രീം കോടതിക്ക് സർക്കാർ കൈമാറിയിരുന്നു. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ച് ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചത്.

ഡ്രഡ്ജർ അഴിമതി കേസിലെ കൂട്ട് പ്രതിയായ ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ (IHC Beaver) കുറിച്ചുള്ള വിവരങ്ങൾ തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലെറ്റർ റോഗടറി (Letter Rogatory) കൈമാറിയിരുന്നുവെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ സംബന്ധിച്ച ലെറ്റർ റോഗടറിയിൽ ഇതുവരെയും മറുപടി ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും അതിനാലാണ് സമയം കൂട്ടി നൽകുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കുന്നതിനെ ജേക്കബ് തോമസിന് വേണ്ടി ഹാജരായ അഭിഭാഷകൻ എ. കാർത്തിക് എതിർത്തു. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി ഹമീദുമാണ് ഹാജരായത്. ഡ്രഡ്ജർ അഴിമതിയുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരെ പരാതി നൽകിയ സത്യൻ നരവൂരിന് വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജ് ഹാജരായി.

Top