ചായപ്രേമികളല്ലാത്ത ആളുകൾ കുറവാണല്ലെ, കടുപ്പത്തിലൊരു ചൂടു ചായ കുടിച്ചാണ് മിക്ക ആൾക്കാരും ഒരു ദിവസം തുടങ്ങുന്നത്. ജീവിതത്തിൻ്റെ ഒരു ശീലമാണ് ഈ ചായ. ചായ ഇടയ്ക്കിടെ കുടിച്ചില്ലെങ്കില്‍ ഒരു ഉന്മേഷം ഇല്ലാത്തവരും ഉണ്ട്. എന്നാൽ ഈ ചൂട് ചായ കുടിക്കുന്ന ശീലം നമുക്ക് തരാൻ പോകുന്നത് നല്ല എട്ടിന്റെ പണിയാണെന്ന് പറഞ്ഞാലോ, സത്യമാണ്. ചൂട് ചായ കുടിച്ചാൽ അത് കാൻസറിന് കാരണമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനം.
ഇത്തരത്തിൽ ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഒസോഫൊജിയൽ കാൻസർ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണമാണ് ഇത്തരമാെരു കാര്യം കണ്ടുപിടിച്ചത്. ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കാറുള്ളത് പോലെ അന്നനാളത്തിനും പോറലേൽപ്പിക്കുന്നുണ്ട്. ആവർത്തിച്ചാവർത്തിച്ച് ചൂട് ദ്രാവകങ്ങൾ കുടിക്കുന്നതാണ് ഇത്തരത്തില്‍ പിന്നീട് കാൻസറിന് വഴിവെക്കുന്നത്.
തൊണ്ടയെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. കൂടിയ അളവില്‍ ചൂടുള്ള എന്ത് പാനീയമായാലും ഉള്ളിലെത്തുന്നത് അന്നനാളത്തിന് അപകടമാണ്. നന്നായി ചൂടായ ചായ, കോഫി, മറ്റു പാനീയങ്ങള്‍ എല്ലാം അന്നനാളത്തിന് ദോഷകരമാണെന്ന് സാരം. അമിത ചൂടുള്ള ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂട് ആഗിരണം ചെയ്യുന്നു. ഇത് അന്നനാളത്തില്‍ പോറലേല്‍പ്പിക്കുന്നു. വീണ്ടും വീണ്ടും ചൂട് പാനീയങ്ങള്‍ കുടിക്കുന്നത് തുടരുമ്പോൾ ഈ പോറല്‍ ഉണങ്ങാതിരിക്കുകയും വീക്കമുണ്ടാക്കാനും അതിലൂടെ കോശങ്ങൾ നശിക്കുന്നതിനും ഒടുവിൽ കാൻസർ ആയി മാറുന്നതിനും കാരണമാകുന്നു.
ഒന്നോ രണ്ടോ തവണ ചൂട് കൂടുതലുള്ള പാനീയം കുടിക്കുന്നതിലൂടെ അപകടമൊന്നുമില്ലെങ്കിലും തുടർച്ചയായി ചൂട് ചായ കുടിക്കുന്നതാണ് പ്രശ്നം. ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേണഷണ വിഭാഗം 65ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള പാനീയങ്ങൽ കാൻസറിന് കാരണമാകാം എന്ന് കണ്ടെത്തിയിട്ടുണ്ട്. ചായ കുടി നിർത്തണം എന്നാെന്നുമല്ല ഇതിനർഥം, ഒരല്‍പം തണുപ്പിച്ച ശേഷം വേണം ഇവ കുടിക്കാൻ. തൊണ്ണൂറുഡിഗ്രി കൂടുതല്‍ ചൂടുള്ള 700 മില്ലിലിറ്റര്‍ ചായയോ കോഫിയോ സ്ഥിരം കുടിക്കുന്നവര്‍ക്ക് അന്നനാളകാന്‍സര്‍ സാധ്യത തൊണ്ണൂറുശതമാനം ആണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കാന്‍സര്‍ മരണങ്ങളില്‍ ആറാം സ്ഥാനമാണ് അന്നനാളകാന്‍സറിന് എന്നാണ് കണക്കുകൾ.