തലസ്ഥാനത്ത് വീണ്ടും കുടിവെള്ള പ്രതിസന്ധി

വെള്ളത്തിന് വേണ്ടി കണക്ഷൻ നൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏത് വകുപ്പാണ് കണക്ഷൻ അനുവദിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

തലസ്ഥാനത്ത് വീണ്ടും കുടിവെള്ള പ്രതിസന്ധി
തലസ്ഥാനത്ത് വീണ്ടും കുടിവെള്ള പ്രതിസന്ധി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കുടിവെള്ള പ്രതിസന്ധി. വഞ്ചിയൂർ 82ാം വാർഡിലാണ് തുടർച്ചയായി ആറ് ദിവസമായി ജല വിതരണം മുടങ്ങിയത്. ഋഷിമംഗലം റസിഡൻസ് അസോസിയേഷനിലാണ് ജല പ്രതിസന്ധിയുണ്ടായത്. അസോസിയേഷനിൽ വെള്ളം ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. വാട്ടർ അതോറിറ്റിയെ അറിയിച്ചിട്ടും പരിഹാരമില്ലെന്ന് അസോസിയേഷൻ പറഞ്ഞു.

നേരത്തെയുണ്ടായ ജല പ്രതിസന്ധിക്ക് ശേഷം രണ്ട് ദിവസം അസോസിയേഷനിൽ വെള്ളം ലഭിച്ചിരുന്നു. എന്നാൽ വീണ്ടും ജല വിതരണം മുടങ്ങുകയായിരുന്നു. ജല അതോറിറ്റിയെയും വാർഡ് കൗൺസിലർ ഗായത്രി ബാബുവിനെയും പ്രശ്‌നം അറിയിച്ച് വിളിച്ചിരുന്നെങ്കിലും ഒരു പ്രതികരണവുമില്ലെന്ന് അസോസിയേഷനിലെ താമസക്കാർ പറഞ്ഞു.

സ്മാർട്ട് സിറ്റിയും ജല വകുപ്പും പരസ്പരം പഴിചാരുകയാണെന്നും നാട്ടുകാർ പറഞ്ഞു. വെള്ളത്തിന് വേണ്ടി കണക്ഷൻ നൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏത് വകുപ്പാണ് കണക്ഷൻ അനുവദിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ തന്നെ ജല പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും സ്മാർട് സിറ്റി വന്നതിന് ശേഷം അത് രൂക്ഷമാകുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പല അതോറിറ്റിയെയും വിളിച്ചിരുന്നെങ്കിലും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു. അസോസിയേഷനിലുണ്ടായിരുന്ന ഹോസ്റ്റലിൽ താമസിക്കുന്ന അന്തേവാസികൾ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി.

Top