കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണത്തിന് ഫ്രഞ്ച് കമ്പനിയുമായുള്ള വാട്ടർ അതോറിറ്റി കരാർ അന്തിമ ഘട്ടത്തിലേക്ക്. സർക്കാർ വിഹിതത്തിനൊപ്പം എ.ഡി.ബി വായ്പയിലുള്ള വൻകിട പദ്ധതിക്ക് 21 ശതമാനം അധിക തുകയോടെ സംസ്ഥാനതല എംപവേർഡ് കമ്മിറ്റി അനുമതി നൽകി. നിലവിലെ കുടിവെള്ള പൈപ്പുകൾ മാറ്റി മുഴുവൻ സമയ ജലവിതരണം ലക്ഷ്യമിടുമ്പോൾ വിലയിലും പൊതുവിതരണത്തിലും സംഭവിക്കുന്ന മാറ്റത്തിൽ ആണ് ആശങ്ക.
കടലും കായലും പരന്നൊഴുകുന്ന കൊച്ചിയ്ക്ക് കുടിവെള്ളം എത്തണമെങ്കിൽ ആലുവയിൽ നിന്ന് പെരിയാറും, പാഴൂരിൽ നിന്ന് മൂവാറ്റുപുഴയാറും പൈപ്പിലൂടെ ഒഴുകി എത്തണം. പ്രധാന പൈപ്പിൽ നിന്ന് കിലോമീറ്ററുകൾ തലങ്ങും വിലങ്ങും ചെറുതും വലുതുമായ ഭൂഗർഭ പൈപ്പിലൂടെ വീടുകളിലേക്ക്. ചുമതല വാട്ടർ അതോറിറ്റിക്ക്. എന്നാൽ ഈ പണി ഇനി ഫ്രഞ്ച് കമ്പനിയായ സോയൂസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയ്യട്ടെ എന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
കേന്ദ്ര സർക്കാരിൻറെ പുതിയ ജലനയത്തിൻറെ ചുവട് പിടിച്ചാണ് തീരുമാനം. നിലവിലെ ലീക്കേജ് കുറച്ച് ശുദ്ധമായ ജലവിതരണം ലക്ഷ്യമെന്ന് പ്രഖ്യാപനം. എഡിബി വായ്പയിൽ 2511 കോടി രൂപ ആകെ ചെലവ്. ഇതിൽ 750 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതം. എന്നാൽ എസ്റ്റിമേറ്റിനേക്കാൾ 21ശതമാനം അധികം നൽകി ഈ കമ്പനിക്ക് കരാർ നൽകാനാണ് ഏറ്റവും പുതിയ തീരുമാനം. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സമിതിയുടെ ഈ ശുപാർശ മന്ത്രിസഭ അനുമതി കൂടിയായാൽ അന്തിമമാകും.