തൃശ്ശൂർ: ചെന്ത്രാപ്പിന്നി നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയിലെ പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്ന് ശുദ്ധജല വിതരണം തടസ്സപ്പെട്ടിട്ട് അഞ്ച് ദിവസം. അതേസമയം കനത്ത മഴയെ തുടർന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിയാതെ അധികൃതർ. നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയിട്ടുള്ളത്,എടത്തിരുത്തി ഏറാക്കലിലാണ്.
ഇതോടെ തീരദേശത്തെ പത്തു പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിശ്ചലമായത്. അതേസമയം ശക്തമായ മഴയിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ് എടത്തിരുത്തിയിലെ ഏറാക്കൽ പ്രദേശം. പ്രതികൂല കാലാവസ്ഥയിൽ കുഴിയെടുത്ത് പൈപ്പ് നന്നാക്കാൻ ബുദ്ധിമുട്ടായതിനാലും മണ്ണിടിച്ചിൽ ഭീതി ഉള്ളതിനാലും കുടിവെള്ള വിതരണം പുനരാരംഭിക്കാൻ സമയമെടുക്കുമെന്ന് ജല അതോറിറ്റി ഇരിങ്ങാലക്കുട എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി. എന്നാൽ എല്ലാ മുൻകരുതലുകളും എടുത്തുതന്നെ യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ ആവശ്യപ്പെട്ടു.
പ്രദേശത്ത് മോട്ടോർ ഉപയോഗിച്ച് കുഴിയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് കുടിവെള്ളം എത്തിക്കാനുള്ള അതീവ പരിശ്രമത്തിലാണ് ജല അതോറിറ്റി അധികൃതർ.