സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി ഒരേനിറം

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി ഒരേനിറം
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി ഒരേനിറം

സംസ്ഥാനത്ത് മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് നിര്‍ബന്ധമാക്കി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആംബര്‍ മഞ്ഞ നിറത്തിലുള്ള നിറമായിരിക്കും ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നല്‍കുക.

വാഹനത്തിന്റെ മുന്നിലെ ബോണറ്റിലും ബമ്പറിലും റിയറിലെ ഡോറിലും ബമ്പറിലുമായിരിക്കും മഞ്ഞനിറം നല്‍കുക. ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മഞ്ഞ നിറം നല്‍കുന്നത് റോഡ് സുരക്ഷ പരിഗണിച്ചാണെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. തിരക്കേറിയ റോഡുകളിലും മറ്റും ഡ്രൈവിംങ് പരിശീലനത്തിന് ഇറങ്ങുന്ന വാഹനങ്ങളെ റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ഈ നിറംമാറ്റം വഴിയൊരുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിനൊപ്പം വാഹനത്തില്‍ പരിചയകുറവുള്ള ഡ്രൈവര്‍മാര്‍ പരിശീലനാര്‍ഥിയായി എത്തുന്നതിനാല്‍ തന്നെ മറ്റ് ഡ്രൈവര്‍മാരില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് ഡ്രൈവിംങ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരുമായുണ്ടായിരുന്നു അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെയാണ് കളര്‍മാറ്റം എന്ന തീരുമാനം ഇറങ്ങുന്നത്.

Top