തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും.
ഒരുമാസം മുമ്പ് ഡ്രൈവിങ് സ്കൂൾ ജീവനക്കാരും ഉടമകളും നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് മന്ത്രി നടത്തിയ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാത്തതിലും ഉത്തരവിൽ പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്തതിലും പ്രതിഷേധിച്ചാണ് സമരത്തിലേക്ക് വീണ്ടും കടക്കുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ടെസ്റ്റ് നടക്കുമ്പോൾ ഗ്രൗണ്ടിൽ അംഗീകൃത പരിശീലകർ ഹാജരാകണമെന്ന വ്യവസ്ഥയാണ് കൂട്ടിച്ചേർത്തത്. ടെസ്റ്റ് നടക്കുമ്പോൾ ഡ്രൈവിങ് പരിശീലകരോ സ്കൂൾ ഉടമകളോ ഗ്രൗണ്ടിൽ കയറരുതെന്ന് മുമ്പ് ഗതാഗത കമീഷണർ ഇറക്കിയ സർക്കുലറിന് വിരുദ്ധമാണ് ഇതെന്നും മോട്ടർ വാഹന നിയമത്തിൽ ഈ വ്യവസ്ഥയില്ലെന്നും യൂനിയൻ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ യൂനിയൻ ജനറൽ സെക്രട്ടറി സി.ടി. അനിൽ, ജില്ല സെക്രട്ടറി ദാസ് ബിജു, വൈസ് പ്രസിഡന്‍റ് ഷിജു എബ്രഹാം എന്നിവർ പങ്കെടുത്തു.