ജറുസലം: ഇസ്രയേലിലെ ബിന്യാമിനയ്ക്കു സമീപം സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം. 4 സൈനികർ കൊല്ലപ്പെട്ടു. 7 പേർക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. മിസൈലുകൾ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിനു നേർക്ക് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹിസ്ബുല്ല സംഘടന ഏറ്റെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്റെ നേർക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്. ലെബനനിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകർത്തെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
ബെയ്റൂട്ടിൽ വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇസ്രയേലിന്റെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു. അതേസമയം, മധ്യഗാസയിൽ പുനരധിവാസ ക്യാംപ് പ്രവർത്തിച്ച സ്കൂളിനു നേരെ ഞായാറാഴ്ച ഇസ്രയേൽ നടത്തിയ ഷെല്ലിങ്ങിൽ 20 പേർ കൊല്ലപ്പെടുകയും അനവധി ആളുകൾക്കു പരുക്കേൽക്കുകയും ചെയ്തു.