CMDRF

ഐ.എ.എസ് കോച്ചിങ് സെന്ററിലെ മുങ്ങിമരണം; രണ്ട് പേർ അറസ്റ്റിൽ

ഐ.എ.എസ് കോച്ചിങ് സെന്ററിലെ മുങ്ങിമരണം; രണ്ട് പേർ അറസ്റ്റിൽ
ഐ.എ.എസ് കോച്ചിങ് സെന്ററിലെ മുങ്ങിമരണം; രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സ്ഥാപന ഉടമയെയും കോ ഓർഡിനേറ്ററെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തത്. കനത്ത മഴയെ തുടർന്ന് ഡൽഹി ഓൾഡ് രാജേന്ദർ നഗറിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ രാത്രി 7 മണിയോടെയാണ് വെള്ളംകയറി തുടങ്ങിയത്. മൂന്ന് വിദ്യാർത്ഥികളാണ് വെള്ളക്കെട്ടിൽ മരിച്ചിരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍ (28), തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ചത്.

ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് ആരോപണമുയരുന്നത്. വിവരം ലഭിച്ച അഗ്നിരക്ഷാസേനയെത്തി ബേസ്‌മെന്റിലെ വെള്ളം പമ്പ് ചെയ്ത് മാറ്റി. തുടർന്ന് എൻ ഡി ആർ എഫ് സംഘത്തിന്റെ സഹായത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മുപ്പതോളം വിദ്യാർഥികൾ ബേസ്‌മെന്റിൽ ഉണ്ടായിരുന്നതായും അതിൽ മൂന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതൊന്നും അഗ്നി രക്ഷാസേന പറയുന്നു.

ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. കോച്ചിങ് സെന്ററിന് മുന്നിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നിലവിൽ നടക്കുന്നത്. സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കാനും അറിയിച്ചു.

Top