2016-ൽ ബോളിവുഡ് നടി മമതാ കുൽക്കർണിക്കെതിരായി വന്ന 2000 കോടി രൂപയുടെ മയക്കുമരുന്ന് കേസിന്റെ എഫ്.ഐ.ആർ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. താനെയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മമതക്കെതിരായ വിചാരണ തുടരുന്നത് കോടതിയുടെ നടപടി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് കേസ് റദ്ദുചെയ്തുകൊണ്ട് കോടതി പറഞ്ഞു. കുറ്റക്കാരിയാണന്നതിന് മതിയായ തെളിവില്ലെന്നാണ് കോടതി വിലയിരുത്തൽ.
അഭിഭാഷകരായ വി.എം. തൊറാട്ട്, മാധവ് തൊറാട്ട് എന്നിവരാണ് മമതയ്ക്കായി ഹാജരായത്. മമതയ്ക്കെതിരായ പ്രഥമ വിവര റിപ്പോർട്ട് റദ്ദ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഭാരതി ദാംഗ്രേ, മഞ്ജുഷ ദേശ്പാണ്ഡേ എന്നിവരടങ്ങിയ ബെഞ്ചാണ് മമത കുൽക്കർണി ഉൾപ്പെട്ട മയക്കുമരുന്ന് കേസ് പരിഗണിച്ചത്. മമതയെ പ്രതിയാക്കിയതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെന്നും മറ്റുപ്രതികൾ ചെയ്ത കുറ്റത്തിന് സ്വപ്നത്തിൽപ്പോലും അവർ ഉത്തരവാദിയാകില്ലെന്നും അഭിഭാഷകർ വാദിച്ചു.
മയക്കുമരുന്ന് കേസിലെ പ്രതികളിലൊരാളായ വിക്കി ഗോസ്വാമിയുമായി തനിക്ക് പരിചയമുണ്ടെന്ന് കുൽക്കർണി സമ്മതിച്ചു. അഭിഭാഷകനായ മാധവ് തൊറാട്ട് മുഖേന സമർപ്പിച്ച മമതാ കുൽക്കർണിയുടെ ഹർജിയിൽ, തനിക്കെതിരായ ആരോപണങ്ങൾ “കൂട്ടുപ്രതികളുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതാണ്” എന്നും “സ്വാഭാവികമായ തെളിവുകളൊന്നുമില്ല” എന്നുമാണ് വാദിച്ചത്.
2016 ഏപ്രിലിലാണ് താനേയുടെ കാറിൽ പരിശോധന നടന്നത്. കാറിലെ യാത്രക്കാരിൽനിന്ന് മൂന്ന് കിലോയോളം വരുന്ന മയക്കുമരുന്ന് കണ്ടെടുത്തു. തുടർന്ന് കാർ ഡ്രൈവർമാരായ മയൂർ, സാഗർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഒരു മരുന്ന് കമ്പനിയുടെ വ്യാജ ഐഡന്റിറ്റി കാർഡും പിടിച്ചെടുത്തിരുന്നു. എൺപത് ലക്ഷം രൂപയാണ് അന്ന് ഈ മയക്കുമരുന്നിന്റെ മൂല്യമായി കണക്കാക്കിയത്.
2016 ജനുവരിയിൽ കെനിയയിലെ ഒരു ഹോട്ടലിൽ വെച്ച് പ്രതികളിലൊരാളായ വിക്കി ഗോസ്വാമിയും മറ്റുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടി പങ്കെടുത്തിരുന്നുവെന്നായിരുന്നു പോലീസ് പറഞ്ഞത്. യോഗത്തിൽ പങ്കെടുത്ത മറ്റൊരു പ്രതിയായ ജെയ്‌ൻ ആയിരുന്നു മമതയ്ക്കെതിരെ മൊഴി നൽകിയത്. അന്വേഷണത്തിൽ 10 പേരെ അറസ്റ്റ് ചെയ്യുകയും മമതാ കുൽക്കർണിയടക്കം ഏഴ് പേരെ തിരച്ചിൽ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.