ദോഹ: വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്ന മയക്കുമരുന്നുകൾ തിരിച്ചറിയാനുള്ള ആധുനിക സങ്കേതിക സംവിധാനങ്ങൾ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ സ്ഥാപിക്കാൻ സമ്മർദം ചെലുത്തണമെന്ന് പി.സി.സി. പ്രവാസി കോഓഡിനേഷൻ കമ്മിറ്റി
പ്രതിനിധികൾ ഖത്തറിലെ ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ചയിലാണ് ഈക്കാര്യം ആവശ്യപ്പെട്ടത്. യാത്രക്കാരുടെ ലഗേജുകളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്നുകൾ കടത്തുന്നത്.
ഇന്ത്യൻ യാത്രക്കാർ അറിയാതെ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നതിന്റെ അപകടസാധ്യത ഇത്തരം പ്രതിരോധ നടപടികൾ നടപ്പാക്കുന്നതോടെ ഗണ്യമായി കുറയുമെന്നും അതുവഴി ഗൾഫ് മേഖലയിൽ നിരപരാധികളായ പ്രവാസികൾ നിയമക്കുരുക്കിൽപെടുന്ന സംഭവങ്ങൾ ഒഴിവാക്കുകയും, ഗുരുതരമായ നിയമപ്രത്യാഘാതങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ കഴിയുമെന്നും അംബാസഡറെ അറിയിച്ചു.
Also Read : ഷീസ് ടൂറിസ്റ്റ് മേഖലയില്‍ മൊബൈല്‍ പോലീസ് സ്റ്റേഷന്
നാട്ടിലെ വിമാനത്താവളങ്ങളിൽ ഡ്രഗ് ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നത് ഒരു പ്രതിരോധ നടപടിയായി മാത്രമല്ല, അന്താരാഷ്ട്ര സുരക്ഷക്കും വിദേശത്തുള്ള പൗരന്മാരുടെ ക്ഷേമത്തിനും വേണ്ടിയാണെന്നും വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിൽ എത്തുമ്പോൾ ഇന്ത്യൻ പൗരന്മാർ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി തടവിലാകുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതിൽ സമിതിയുടെ ഉത്കണ്ഠ അറിയിച്ചു. ചർച്ചയിലെ ശിപാർശകൾ ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും അവ നടപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.