സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ നാലായി ചുരുക്കാന്‍ ഒരുങ്ങി ദുബായ്. ജോലിസമയം 7 മണിക്കൂറായി കുറയ്ക്കാനും തീരുമാനിച്ചു. ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പിലാക്കുക. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദുബായിലെ 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. ദുബായ് സര്‍ക്കാരിന്റെ മാനവവിഭവ ശേഷി വകുപ്പ് ആരംഭിച്ച ‘our summer is flexible എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ജീവനക്കാര്‍ക്കിടയിൽ വേനല്‍ക്കാലത്തെ ജോലിസമയം സംബന്ധിച്ച് നടത്തിയ സർവേയിൽ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ പ്രവൃത്തിസമയം വെട്ടിക്കുറയ്ക്കുക എന്ന നിര്‍ദ്ദേശത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.
അതിന്റെ ഭാഗമായാണ് ഈ വര്‍ഷം പരീക്ഷാണാടിസ്ഥാനത്തില്‍ പ്രവൃത്തി ദിനം നാലായി ചുരുക്കാൻ തീരുമാനിച്ചത്. ഇതിന്റെഫലം നിരീക്ഷിച്ച ശേഷം ഭാവിയിലും ഇതേ രീതിയില്‍ അവധി നല്‍കണോ എന്ന കാര്യത്തില്‍ മാനവവിഭവശേഷി വകുപ്പ് തീരുമാനമെടുക്കും. 2022 ജനുവരിയില്‍ യുഎഇ സര്‍ക്കാര്‍ ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം നാലരയാക്കി കുറച്ചിരുന്നു. അതേവര്‍ഷം തന്നെ ഷാര്‍ജയിലും പ്രവൃത്തി ദിവസം ആഴ്ചയിൽ നാലാക്കി ചുരുക്കിയിരുന്നു.