ദുബൈ: ദുബൈയില്‍ റോഡ് ഗതാഗത അതോറിറ്റി സൈക്കിള്‍, സ്‌കൂട്ടര്‍, കാല്‍നട യാത്രയ്ക്കായി പ്രത്യേക ട്രാക്ക് നിര്‍മിക്കുന്നു. നഗരത്തെ സൈക്കിള്‍ സൗഹൃദമാക്കുകയെന്ന ലക്ഷ്യം വച്ചാണ് ദുബൈയില്‍ 13.5 കി.മീറ്റര്‍ പുത്തന്‍ പാതയൊരുക്കുന്നത്. നഗരത്തിലെ അല്‍ സുഫൂഹിനെയും ദുബൈ ഹില്‍സിനെയും ഹെസ്സ സ്ട്രീറ്റ് വഴി പുതിയ പാത ബന്ധിപ്പിക്കും.
ട്രാക്കിന് 4,5 മീറ്റര്‍ വീതിയാണ് കണക്കാക്കുന്നത്. ഇതില്‍ 2.5 മീറ്റര്‍ ഭാഗം സൈക്കിളിനും സ്‌കൂട്ടറിനും മാത്രമായിരിക്കും. ബാക്കി വരുന്ന രണ്ട് മീറ്റര്‍ കാല്‍നടയാത്രക്കാര്‍ക്കും വേണ്ടിയാണ് രൂപപ്പെടുത്തുക. അല്‍ ബര്‍ഷ, അല്‍ ബര്‍ഷ ഹൈറ്റ്‌സ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ അടക്കം 12 വ്യത്യസ്ത താമസ, വാണിജ്യ, വിദ്യാഭ്യാസ മേഖലകളിലുള്ളവര്‍ക്ക് ഉപകാരപ്പെടുന്നതാണ് പാത. ഹെസ്സ സ്ട്രീറ്റ് വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആര്‍.ടി.എ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു. ദുബൈ ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്‌റ്റേഷനുമായും മറ്റു പ്രധാന സ്ഥലങ്ങളുമായും ബന്ധിപ്പിച്ചാണ് പാത നിര്‍മിക്കുക. മണിക്കൂറില്‍ 5,200 പേര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതായിരിക്കുമിത്.
പുതിയ ട്രാക്കില്‍ സവിശേഷമായി രൂപകല്‍പന ചെയ്യുന്ന രണ്ട് പാലങ്ങളുണ്ടാകും. ആദ്യത്തേത് ശൈഖ് സായിദ് റോഡിന് മുകളിലൂടെ 528 മീറ്ററും രണ്ടാമത്തേത് അല്‍ ഖൈല്‍ റോഡിന് മുകളിലൂടെ 501 മീറ്ററുമായിരിക്കും. ഓരോ പാലത്തിനും 5 മീറ്റര്‍ വീതിയുണ്ട്. സൈക്കിളുകള്‍ക്കും ഇ-സ്‌കൂട്ടറുകള്‍ക്കും 3 മീറ്ററും കാല്‍നടയാത്രക്കാര്‍ക്ക് 2 മീറ്ററുമാണ് ഇതിലുണ്ടാവുക. 2030ഓടെ ദുബൈയിലെ സൈക്ലിങ് ട്രാക്കുകളുടെ മൊത്തത്തിലുള്ള നീളം 544 കി.മീറ്ററില്‍ നിന്ന് 1,000 കി.മീറ്ററായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ജുമൈറ, അല്‍ സുഫൂഹ്, മറീന തുടങ്ങിയ തീരപ്രദേശങ്ങളെ അല്‍ ഖുദ്‌റ, സെയ്ഹ് അല്‍ സലാം, നാദല്‍ ശെബ എന്നിവിടങ്ങളുമായി ഇത് ബന്ധിപ്പിക്കും. ശൈഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡ് ഇന്റര്‍സെക്ഷനുകള്‍ക്കുമിടയില്‍ 4.5 കിലോമീറ്ററാണ് ഹെസ്സ സ്ട്രീറ്റ് വിപുലീകരണ പദ്ധതി നടപ്പാക്കുന്നത്.