ദുബായ്: ദുബായില്‍ ഉള്‍പ്പാതകള്‍ വികസിപ്പിക്കാന്‍ 370 കോടിയുടെ പദ്ധതിക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. അടുത്ത അഞ്ചുവര്‍ഷത്തിനകം 634 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കുന്നതിന് 370 കോടി ദിര്‍ഹത്തിന്റെ പദ്ധതിക്കാണ് ദുബായ് ഭരണാധികാരി അംഗീകാരം നല്‍കിയത്. എമിറേറ്റിലെ പ്രധാനപ്പെട്ട 12 പാര്‍പ്പിട, വാണിജ്യ, വ്യവസായ മേഖലകളിലായി 21 വികസന പദ്ധതികളാണ് നടപ്പാക്കുക.
ദുബായിലെ ജനസംഖ്യാ വളര്‍ച്ചയ്ക്കും നഗരവികസനത്തിനും അനുസൃതമായാണ് പുതിയ തീരുമാനം. ജനസംഖ്യാ വളര്‍ച്ച അനുസരിച്ച് നഗരത്തിലെ അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം നാദ് അല്‍ ഷെബ മൂന്ന്, അല്‍ അമര്‍ദി എന്നിവിടങ്ങളില്‍ ഉള്‍റോഡുകള്‍ നിര്‍മിക്കും. മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായ 482 വീടുകള്‍ക്ക് ഇത് ഗുണകരമാകും. ഹത്തയിലും അടുത്തവര്‍ഷം കൂടുതല്‍ ഉള്‍റോഡുകള്‍ വികസിപ്പിക്കുമെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. 2026-ല്‍ നാദ് ഹെസ്സ, അല്‍ അവീര്‍ എന്നിവിടങ്ങളില്‍ 92 കിലോമീറ്റര്‍ ഉള്‍റോഡുകള്‍ നിര്‍മിക്കും.
അല്‍ അത്ബയിലും മുഷ്രിഫിലും ഹത്തയിലുമായി 2027-ല്‍ 45 കിലോമീറ്റര്‍ നീളത്തിലും വ്യവസായ മേഖലയില്‍ വാര്‍സന്‍ മൂന്നില്‍ 14 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും റോഡുകള്‍ വികസിപ്പിക്കും. 2028-ല്‍ അല്‍ അവീര്‍ ഒന്ന്, വാദി അമര്‍ദി, ഹിന്ദ് മൂന്ന് എന്നീ മൂന്ന് കമ്യൂണിറ്റികളിലായി 284 കിലോമീറ്ററിലേറെ നീളത്തില്‍ റോഡുകള്‍ വികസിപ്പിക്കും. പദ്ധതിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് വികസനവും ഇതായിരിക്കും.
Also Read: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി- ആഴ്സണല്‍ പോരാട്ടം സമനിലയില്‍
അല്‍ അവീര്‍ ഒന്നില്‍ 221 കിലോമീറ്റര്‍ നീളത്തിലും ഹിന്ദ് മൂന്നില്‍ 41 കിലോമീറ്ററിലും വാദി അല്‍ അമര്‍ദിയില്‍ 22 കിലോമീറ്ററിലുമാണ് റോഡുകള്‍ വികസിപ്പിക്കുക. 2029-ഓടെ ഹിന്ദ് നാലിലും അല്‍ യലായിസ് അഞ്ചിലുമായി 200 കിലോമീറ്റര്‍ നീളത്തില്‍ ഉള്‍റോഡുകള്‍ വികസിപ്പിക്കുമെന്നും അല്‍ തായര്‍ വിശദീകരിച്ചു.
ഗതാഗത മേഖല വികസിപ്പിക്കാന്‍ ‘പ്രധാന റോഡുകളുടെ വികസന പദ്ധതി 2024-27’ ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. 1600 കോടി ദിര്‍ഹം ചെലവില്‍ 22 പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 60 ലക്ഷത്തിലേറെ ആളുകള്‍ക്ക് പദ്ധതികളുടെ പ്രയോജനം ലഭിക്കും. നിലവില്‍ പകല്‍സമയങ്ങളില്‍ എമിറേറ്റിലെ വാഹനങ്ങളുടെ എണ്ണം 35 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. അനുദിനം വര്‍ധിക്കുന്ന റോഡ് ഉപയോക്താക്കള്‍ക്ക് മികച്ച അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ നല്‍കാനാണ് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആര്‍.ടി.എ. നടപ്പാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തോടെ അല്‍ വര്‍ഖ നാല്, അല്‍ ഖിസൈസ്, മര്‍ഗം, ലെഹ്ബാബ്, അല്‍ ലിസൈലി, ഹത്ത എന്നിവിടങ്ങളില്‍ 83 കിലോമീറ്റര്‍ നീളത്തില്‍ റോഡുകള്‍ നിര്‍മിച്ചു. ജബല്‍ അലി, നസ്വ, അല്‍ ഖവനീജ് രണ്ടിലെ ടോളറന്‍സ് ഡിസ്ട്രിക്ട്, അല്‍ വര്‍ഖ, നാദ് അല്‍ ഷെബ ഒന്ന്, അല്‍ അവീര്‍ എന്നിവിടങ്ങളില്‍ ഉള്‍റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.