ദുബായി: ദുബായിൽ ജനിച്ച് വീഴുന്ന കുട്ടികൾക്കും ഇനി ലേണേഴ്സ് പാസ്‌പോർട്ട് ലഭിക്കും. കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് നടപടി. ദുബായ് ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന ‘വിദ്യാഭ്യാസ സ്ട്രാറ്റജി 2033’ൻ്റെ പ്രഖ്യാപനത്തിനിടെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് (കെഎച്ച്ഡിഎ) പദ്ധതി അവതരിപ്പിച്ചത്.
ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന തരത്തിലാണ് ലേണിംഗ് പാസ്‌പോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കൂളിൽ പോകാൻ പ്രായമായ കുട്ടികൾ പോകുന്നുണ്ടോയെന്നും കൃത്യമായി വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോയെന്നും ഉറപ്പു വരുത്തുകയാണ് പ്രധാന ലക്ഷ്യം. സ്കൂളിൽ എൻറോൾ ചെയ്യാത്ത കുട്ടികളെ ഇതിലൂടെ കണ്ടെത്തുകയും ഇവർക്ക് നിർബന്ധിത വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യും. എമിറേറ്റിലെ ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ലെന്ന് ഇതുവഴി ഉറപ്പാക്കാൻ കഴിയുമെന്നും കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ആയിശ മീറാൻ പറഞ്ഞു.
Also Read:ഹജ്ജ്: താത്കാലിക തൊഴിൽ വിസകളുടെ കാലാവധി നീട്ടി
നഴ്സറികളിൽ രജിസ്റ്റർ ചെയ്യുന്ന ഇമാറാത്തി കുട്ടികളുടെ എണ്ണം ആഗോള ശരാശരിയെക്കാൾ താഴെയാണ്. ഇത് അവരുടെ വളർച്ചയ്ക്കും അക്കാദമിക് വിജയത്തിനും തടസ്സമാകും. കുട്ടിയുടെ മസ്തിഷ്കത്തിൻ്റെ 90% വികസിക്കുന്നത് പൂജ്യത്തിനും അഞ്ച് വയസ്സിനും ഇടയിലാണെന്ന് പഠനങ്ങൾ കണ്ടെത്തിയതോടെ, നിർണായകമായ ഈ വളർച്ച ഘട്ടം അവരുടെ ഭാവിയിലെ അക്കാദമിക പ്രകടനങ്ങളിൽ വലിയ സ്വാധീനം ചെലുത്തും.