ദുബൈ: അടുത്തമാസം ഗൾഫിലെ ഏറ്റവും വലിയ ഇന്റർ സ്കൂൾ ഫുട്ബാൾ മത്സരമായ എക്സൽ പ്രീമിയർ ലീഗ് (ഇ.പി.എൽ) ദുബൈയിൽ ആരംഭിക്കും. 40 സ്കൂളുകളിലെ എട്ടു വയസ്സു മുതൽ 16 വയസ്സുവരെയുള്ള വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. അഞ്ച് വിഭാഗങ്ങളിലായിരിക്കും മത്സരമെന്ന് സംഘാടകരായ സൈദ് ബാലി, ദിലീപ് പ്രേമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്കൂൾ തലം മുതൽ വിവിധ ഘട്ടങ്ങളുണ്ടാകും. യു.എ.ഇ ഫുട്ബാൾ അസോസിയേഷന്റെയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ലീഗിൽ വിജയിക്കുന്നവർക്ക് കാഷ് അവാർഡുകൾ, സ്കോളർഷിപ്പുകൾ, പരിശീലന അവസരങ്ങൾ എന്നിവ നൽകും.
Also Read: യുഎഇയിൽ മഴയ്ക്ക് സാധ്യത
കുട്ടികൾക്ക് മികച്ച ഫുട്ബാൾ പരിശീലനം നൽകുകയാണ് ലക്ഷ്യമെന്നും യൂറോപ്പ്, ജോർജിയ, ജി.സി.സി എന്നിവിടങ്ങളിലെ ക്ലബുകളെയും താരങ്ങളെയും പരിചയപ്പെടാൻ അവസരം ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ തുടങ്ങിയ മുൻനിര ലീഗുകളിൽ ഒരു വിദ്യാർഥിയെങ്കിലും മത്സരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് എക്സൽ എജു മാഗസിൻ സി.ഇ.ഒ കൂടിയായ സൈദ് ബാലി പറഞ്ഞു. യുവ കളിക്കാർക്ക് കളിക്കളത്തിലും പുറത്തും വിജയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ നൽകും.