കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ദിലീപ് അപ്പീല്‍ നല്‍കിയതിനെതിരെയാണ് ഭാഗ്യലക്ഷ്മി പ്രതികരണവുമായി എത്തിയത്. മൊഴിപ്പകര്‍പ്പ് കൊടുക്കരുതെന്ന് പറയാന്‍ ദിലീപ് ആരാണെന്ന് ഭാഗ്യലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ ദിലീപ് കരുതുന്നത്. മൊഴിപ്പകര്‍പ്പ് അതിജീവിതയുടെ അവകാശമാണ്. അത് ദിലീപിന്റെ ഔദാര്യമല്ല. മൊഴിപ്പകര്‍പ്പ് ദിലീപ് നിര്‍മ്മിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് അല്ല.
തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മൊഴിപ്പകര്‍പ്പ് കൊടുക്കാന്‍ ദിലീപ് പറയണം, അതല്ലേ വേണ്ടത്. കൊടുക്കരുതെന്ന് പറയാന്‍ താങ്കള്‍ക്ക് എന്താണ് അധികാരം. അത് കോടതി പറയട്ടെ. മെമ്മറി കാര്‍ഡ് ആക്സസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതിയില്‍ പരാതി നല്‍കിയത് അവളാണ്. അപ്പോള്‍ അതിന്റെ റിപ്പോര്‍ട്ടിന്റെ അവകാശം അവള്‍ക്കല്ലേ.
മൊബൈല്‍ പരിശോധന വേണ്ട, കേസ് പുനരന്വേഷണം വേണ്ട, മെമ്മറി കാര്‍ഡ് പരിശോധിക്കണ്ട, അതിജീവിതയുടെ പരാതി, എടുക്കണ്ട…ഇതെന്താണ്? താങ്കള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ കേസ് ഏതറ്റം വരെയും പോകട്ടെ എന്നല്ലേ പറയേണ്ടത്. അങ്ങനെ താങ്കളുടെ നിരപരാധിത്വം തെളിയിക്കുകയല്ലേ വേണ്ടതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.