ക്രിസ്മസ് വിപണിയിലെ പ്രതീക്ഷ തെറ്റി താറാവ് കർഷകർ

ഇതോടെ ക്രിസ്മസ് വിപണിയിൽ നാടൻ താറാവുകൾക്ക് ക്ഷാമം നേരിടും.

ക്രിസ്മസ് വിപണിയിലെ പ്രതീക്ഷ തെറ്റി താറാവ് കർഷകർ
ക്രിസ്മസ് വിപണിയിലെ പ്രതീക്ഷ തെറ്റി താറാവ് കർഷകർ

കോട്ടയം: പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ താറാവ് വളർത്തലിന് നിരോധനമേർപ്പെടുത്തിയ തീരുമാനം കർഷകർക്ക് തിരിച്ചടിയാകുന്നു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് താറാവ് കുഞ്ഞുങ്ങളെ വാങ്ങാൻ ക‍ർഷകർ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത നിരോധനം. ഇതോടെ ക്രിസ്മസ് വിപണിയിൽ നാടൻ താറാവുകൾക്ക് ക്ഷാമം നേരിടും.

കൂട്ടം തെറ്റി പോകുന്ന താറാവുകളുടെ അവസ്ഥയാണ് കർഷകർക്ക്. സുവർണകാലമായ ക്രിസ്മസ് വിപണി ഇത്തവണ നഷ്ടമാകും. അപ്രതീക്ഷിതമായെത്തിയ നിരോധനം കർഷകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. ഹാച്ചറികളിൽ നിന്ന് ഇപ്പോൾ കുഞ്ഞുങ്ങളെ വാങ്ങിയാൽ മാത്രമെ ക്രിസ്മസ് വിപണിയിലേക്ക് പാകമെത്തിയ താറാവുകളെ എത്തിക്കാൻ കഴിയു. ഭൂരിഭാഗം കർഷകരും മുൻകൂട്ടി പണം അടച്ച് കുഞ്ഞുങ്ങളെ ബുക്ക് ചെയ്തിരുന്നു. അതെല്ലാം കർഷകർക്ക് നഷ്ടമായി. ഒരു വർഷമുണ്ടാകുന്ന മുഴുവൻ നഷ്ടവും താറാവ് കർഷകർ തിരിച്ചു പിടിക്കുന്നത് ക്രിസ്മസ് ഈസ്റ്റർ വിപണികളിലൂടെയായിരുന്നു.

കഴിഞ്ഞ മാസം വ്യാപകമായി റിപ്പോർട്ട് ചെയ്ത പക്ഷിപ്പനിയുടെ പശ്ചാത്തലത്തിലാണ് വിവിധ പ്രദേശങ്ങളിൽ ഡിസംബർ 31 വരെ താറാവ് വള‍ർത്തലിന് നിരേധനമേ‍ർപ്പെടുത്തിയത്. ഏറ്റവുമധികം കർഷകരുള്ള കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ പൂ‍ർണമായും നിരോധനമാണ്. പക്ഷിപ്പനി പടർന്നപ്പോൾ കൊന്നുകളഞ്ഞ താറാവുകൾക്കുള്ള നഷ്ടപരിഹാരം പോലും കർഷകർക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഇതിന് പിന്നാലെയാണ് ഇരട്ടി പ്രഹരമായി ഇപ്പോഴത്തെ നിരോധനവും. അതേ സമയം കേരളത്തിലെ നിരോധനം മുതലെടുക്കാനുളള ശ്രമത്തിലാണ് തമിഴ്നാട്ടിൽ നിന്ന് താറാവുകളെ ഇറക്കുമതി ചെയ്യുന്നവർ.

Top