കോട്ടയം: പക്ഷിപ്പനി പടർന്നു തുടങ്ങിയതോടെ താറാവ് കൃഷിയിൽ പ്രതിസന്ധിയിലായി അപ്പർകുട്ടനാട്ടിലെ കർഷകർ. പക്ഷിപ്പനി ബാധിച്ച് ചത്തതും കൊന്നൊടുക്കിയതുമായ പക്ഷികൾക്ക് നഷ്ടപരിഹാരമില്ലാതായതും വളർത്തലിന് നിരോധനം ഏർപ്പെടുത്തിയതും കർഷകർക്ക് പ്രഹരമായി.തലയാഴം, വെച്ചൂർ, കല്ലറ, നീണ്ടൂർ, ആർപ്പൂക്കര, കുമരകം പ്രദേശങ്ങളിലാണ് വ്യാപകമായി താറാവ് കൃഷി ഉപജീവനമായി നടത്തുന്ന കർഷകരുള്ളത്.
എന്നാൽ, മേഖലയിൽ നാടൻ താറാവും മുട്ടയും വിൽപനക്കില്ല. അപ്പർ കുട്ടനാട്ടിൽ അയ്യായിരത്തിലധികം വരുന്ന മുഖ്യവരുമാനമാർഗമാണ് താറാവ്, കോഴിവളർത്തൽ. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടാണ് മേഖലയിൽ താറാവ് കൃഷി നടത്തുന്നത്. മാർച്ചുവരെ പക്ഷിപ്പനിബാധിത മേഖലകളിൽ കോഴി, താറാവ് വളർത്തൽ നിരോധിക്കണമെന്നാണ് വിദഗ്ധസംഘത്തിന്റെ ശിപാർശ. പക്ഷിപ്പനി പതിവായതോടെ ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം താലൂക്കുകളിലും പുതുതായി താറാവ്, കോഴി വളർത്തുന്നതിന് അനുമതി നൽകിയിട്ടില്ല.
താറാവ് കൃഷിക്കായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ താറാവ് കുഞ്ഞുങ്ങളെ മുൻകൂർ ബുക്ക് ചെയ്യണം. എന്നാൽ, മേഖലയിൽ പക്ഷിവളർത്തൽ നിരോധിച്ചുള്ള ഉത്തരവ് നിലനിൽക്കുന്നതിനാൽ ക്രിസ്മസ് കച്ചവടത്തിനായി താറാവുകളെ മുൻകൂർ ബുക്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ.
തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്കുള്ള ഭൂരിഭാഗവും താറാവുകളും മുട്ടകളും ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, അന്തർസംസ്ഥാനങ്ങളിൽനിന്ന് താറാവും മുട്ടയും വരുന്നത് മുടങ്ങിയിട്ടില്ല. ജില്ലയിൽ ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള ഗുണനിലവാരമില്ലാത്തതും ഹാച്ചറികളിൽ വിരിയാതെ വന്നതുമായ മുട്ടയാണ് ഏറെയും ലഭിക്കുന്നത്. അപ്പർകുട്ടനാട് മേഖലയിൽ താറാവ് കൃഷിക്ക് വംശനാശഭീഷണി ഉയർന്നതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പലായനം ചെയ്യുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ്.