പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ദുല്‍ഖര്‍ സല്‍മാന്‍

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ദുല്‍ഖര്‍ സല്‍മാന്‍
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ദുല്‍ഖര്‍ സല്‍മാന്‍

സ്രായേല്‍ നരഹത്യ തുടരുന്നതിനിടെ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. റഫായിലെ ഇസ്രായേല്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ഐക്യദാര്‍ഢ്യം. എല്ലാ കണ്ണും റഫായിലാണെന്ന തലവാചകത്തോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കാംപയിനില്‍ പങ്കുചേരുകയായിരുന്നു ദുല്‍ഖര്‍. കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ മലയാളി താരം കനി കുസൃതി ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തന്‍ വാനിറ്റി ബാഗുമായാണ് കനി കാന്‍ വേദിയിലെത്തിയത്. കനി അഭിനയിച്ച പായല്‍ കപാഡിയ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിച്ചിരുന്നു.

ഞായറാഴ്ച രാത്രി റഫായിലെ ഒരു അഭയാര്‍ഥി ക്യാംപ് ഇസ്രായേല്‍ ബോംബിട്ട് കത്തിച്ചാമ്പലാക്കിയിരുന്നു. സംഭവത്തില്‍ അന്‍പതോളം പേരാണു വെന്തുമരിച്ചത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമായിരുന്നു. ഗര്‍ഭിണികളും കൂട്ടത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റഫായില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു ഇസ്രായേല്‍ അതിക്രമം. ആക്രമണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഭവനരഹിതരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്. ആക്രമണം അവസാനിപ്പിക്കണം. റഫായില്‍ ഒരിടത്തും ഫലസ്തീനികള്‍ക്കു സുരക്ഷിതമല്ല. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് അടിയന്തരമായി വെടിനിര്‍ത്തണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും മാക്രോണ്‍ വ്യക്തമാക്കി.

റഫാ ആക്രമണം അതിഗുരുതരമാണെന്നായിരുന്നു സ്‌പെയിനിന്റെ പ്രതികരണം. നിരപരാധികളായ ഫലസ്തീനികള്‍ കൊല ചെയ്യപ്പെട്ട മറ്റൊരു ദിവസം കൂടിയാണിത്. എന്നാല്‍, ഈ ആക്രമണത്തിന്റെ വ്യാപ്തി കുറച്ചുകൂടി വലുതാണ്. ഐ.സി.ജെ ഉത്തരവ് വന്ന ശേഷമാണ് ഈ ആക്രമണം നടന്നതെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറസ് ചൂണ്ടിക്കാട്ടി. അതിക്രൂരമായ ആക്രമണമെന്ന് വിമര്‍ശിച്ചു അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രി മിഷേല്‍ മാര്‍ട്ടിന്‍. ഈ ബോംബാക്രമണത്തിന്റെ പ്രത്യാഘാതം ഞെട്ടിപ്പിക്കുന്നതാണ്. നിരപരാധികളായ കുട്ടികളും സാധാരണക്കാരുമാണു കൊല്ലപ്പെട്ടിരിക്കുന്നത്. റഫായിലെ സൈനിക നടപടികള്‍ ഇപ്പോള്‍ തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

Top