CMDRF

കൻവാർ യാത്രയ്ക്കിടെ വാഹനം ഹൈ-ടെന്‍ഷന്‍ ലൈനില്‍ തട്ടി അപകടം

കൻവാർ യാത്രയ്ക്കിടെ വാഹനം ഹൈ-ടെന്‍ഷന്‍ ലൈനില്‍ തട്ടി അപകടം
കൻവാർ യാത്രയ്ക്കിടെ വാഹനം ഹൈ-ടെന്‍ഷന്‍ ലൈനില്‍ തട്ടി അപകടം

പാറ്റ്‌ന: കൻവാർ യാത്രയ്ക്കിടെ ഉച്ചഭാഷിണികളും മറ്റും ഉയര്‍ത്തിക്കെട്ടിയിരുന്ന വാഹനം ഹൈ-ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി ഒന്‍പത് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ബിഹാറിലെ വൈശാലി ജില്ലയിലുള്ള ഹാജിപൂര്‍ പ്രദേശത്തെ ഞായറാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റവരെ ഹാജിപൂരിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൻവാർ യാത്രയില്‍ സോന്‍പൂരിലേക്ക് പോയ ഭക്തര്‍ അവിടെ നിന്ന് തിരിച്ച് തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നിരവധി അലങ്കാര വസ്തുക്കളും ഉച്ചഭാഷിണികളും ലൈറ്റുകളും ഘടിപ്പിച്ചിരുന്ന വാഹനത്തിന്റെ മുകള്‍ ഭാഗം ഉയര്‍ന്ന തോതില്‍ വൈദ്യുതി കടന്നുപോകുന്ന ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.

വാഹനത്തിന്റെ ഉയരം വളരെ കൂടുതലായിരുന്നുവെന്നും അതുകൊണ്ടാണ് ഹൈ-ടെന്‍ഷന്‍ ലൈനില്‍ തട്ടി അപകടമുണ്ടായതെന്നും ഹാജിപൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഓം പ്രകാശ് പറഞ്ഞു. നിരവധി തീര്‍ത്ഥാടകര്‍ ഈ ഡി.ജെ വാഹനത്തില്‍ സഞ്ചരിച്ചിരുന്നതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഏതാനും ദിവസം മുമ്പ് ജാര്‍ഖണ്ഡിലും സമാനമായ അപകടമുണ്ടായിരുന്നു. അഞ്ച് പേരാണ് അവിടെ കൻവാർ യാത്രയ്ക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.

Top