പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാവുന്ന ഒരു പ്ലാറ്റ്ഫോമാണ് ടെലഗ്രാം. ഇപ്പോഴിതാ മറ്റൊരു നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് ടെലഗ്രാം സ്ഥാപകനും മേധാവിയുമായ പാവെല്‍ ദുരോവ്. ടെലഗ്രാം ഒരു വീഡിയോ പ്ലാറ്റ്ഫോം ആയി മാറുന്നതിന്റെ ആദ്യ ചുവടുവെച്ചിരിക്കുന്നു എന്നാണ് തന്റെ ടെലഗ്രാം ചാനലിലൂടെ പാവൽ ദുരോവിന്റെ പ്രഖ്യാപനം.
നേരത്തെ തന്നെ ടെലഗ്രാം വീഡിയോകള്‍ പങ്കുവെക്കാനാവുന്ന പ്ലാറ്റ്ഫോം ആയിരുന്നുവെങ്കിലും ഉപഭോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന അതേ ഫോര്‍മാറ്റിലാണ് അവ പ്രദര്‍ശിപ്പിച്ചിരുന്നത്. പലപ്പോഴും ഗിഗാബൈറ്റുകള്‍ വരുന്ന വീഡിയോ ഫയലുകള്‍ ഉപഭോക്താവിന് ഡൗണ്‍ലോഡ് ചെയ്യേണ്ടതായി വന്നിരുന്നു.
പുതിയ അപ്ഡേറ്റിലൂടെ ടെലഗ്രാമില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ സുഗമമായ സ്ട്രീമിങിന് അനുയോജ്യമായ വിധത്തില്‍ വിവിധ ക്വാളിറ്റി ഓപ്ഷനുകളില്‍ ലഭ്യമാക്കും. ഇതിനായി അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ടെലഗ്രാം ആവശ്യാനുസരണം കംപ്രസ് ചെയ്യും.
ഇതോടെ നിങ്ങളുടെ കണക്ഷന് സ്പീഡിന് അനുസരിച്ച് സുഗമമായി വീഡിയോ സ്ട്രീം ചെയ്യുന്നതിന് അനുയോജ്യമായ ക്വാളിറ്റി ടെലഗ്രാം തന്നെ ഓട്ടോമാറ്റിക് ആയി തിരഞ്ഞെടുക്കും. മീഡിയം, ഹൈ, ഫുള്‍ എച്ച്ഡി ക്വാളിറ്റി ഉപഭോക്താവിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാവും.
യൂട്യൂബിലും ഫേസ്ബുക്കിലും മറ്റും നേരത്തെ തന്നെ ഈ രീതിയില്‍ വീഡിയോ ഗുണമേന്മ ക്രമീകരിക്കപ്പെടുന്ന സൗകര്യം ലഭ്യമാണ്. ഇത് ടെലഗ്രാം ഒരു വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയി മാറുന്നതിന്റെ ആദ്യ പടിയാണെന്നാണ് ദുരോവ് പറയുന്നത്. ടെലഗ്രാമില്‍ വീഡിയോകള്‍ ആസ്വദിക്കുന്നത് കൂടുതല്‍ സുഗമമാവുമെന്നും അദ്ദേഹം പറയുന്നു.
പ്ലേ ബാക്ക് വേഗം ക്രമീകരിക്കുന്നതിനുള്ള പുതിയ ജെസ്റ്റര്‍ കണ്ട്രോളും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ പ്ലെയറിന്റെ വലത് ഭാഗത്ത് വിരല്‍ ഹോള്‍ഡ് ചെയ്ത് വെച്ചാല്‍ പ്ലേബാക്ക് വേഗം 1.5 ഃ ആയി വര്‍ധിക്കും. തുടര്‍ന്ന് വലത്തോട്ട് വിരല്‍ സ്ലൈഡ് ചെയ്യുന്നതിനനുസരിച്ച് 2.5ഃ വരെ വേഗം വര്‍ധിപ്പിക്കാം. വിരല്‍ സ്ക്രീനില്‍ നിന്നെടുത്താല്‍ പ്ലേബാക്ക് വേഗം സാധാരണ നിലയിലേക്ക് തിരിച്ചുവരും.
ഒരു ടെക്സ്റ്റ് സന്ദേശത്തിനൊപ്പം മീഡിയാ ഫയല്‍ അയക്കാന്‍ മറന്നുപോയാല്‍. പിന്നീട് ആ സന്ദേശം എഡിറ്റ് ചെയ്ത് മീഡിയാ ഫയല്‍ അറ്റാച്ച് ചെയ്ത് ഒപ്പം അയക്കാനുള്ള സൗകര്യം, സന്ദേശം എഡിറ്റ് ചെയ്ത സമയം ഉള്‍പ്പടെ വിവിധ പുതിയ ഫീച്ചറുകളും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.