ന്യൂഡൽഹി: സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായിരുന്നു ഡിവൈ ചന്ദ്രചൂഡ് ഇന്ന് പടിയിറങ്ങി. പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു തരണമെന്ന് ചന്ദ്രചൂഢ് വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിക്കുന്ന ചന്ദ്രചൂഡിന് സുപ്രീംകോടതിയിൽ വച്ച് സഹപ്രവർത്തകർ ആചാരപരമായ യാത്രയയപ്പ് നൽകി.
വികാരനിർഭരമായാണ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങിയപ്പോൾ സംസാരിച്ചത്. “ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിച്ചത്. പരിചയമില്ലാത്ത നിരവധി ആളുകളെ ഇവിടെ വച്ച് കണ്ടുമുട്ടി. ഓരോരുത്തരോടും നന്ദി പറയുകയാണ്. ഇവിടെ നിന്ന് ജീവിതത്തെക്കുറിച്ച് വളരെയധികം പഠിക്കാൻ കഴിഞ്ഞു.
Also Read: തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കശ്മീർ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി
പരിഗണിച്ച ഓരോ കേസുകളും വ്യത്യസ്തമായിരുന്നു, സമാനതകളില്ലാത്തതായിരുന്നു. കോടതിയിൽ ആരെയെങ്കിലും എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ദയവായി ക്ഷമിക്കൂ..” സൈൻ ഓഫ് ചെയ്യുന്നതിന് മുമ്പായി അദ്ദേഹം പറഞ്ഞു.
2022 നവംബർ എട്ടിനാണ് ഡി.വൈ. ചന്ദ്രചൂഢ് ചുമതലയേറ്റത്. 65 വയസ് പൂർത്തിയാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിൻഗാമിയാവുക.