ഡി.വൈ.എഫ്.ഐ എന്ന് പറയുന്നത് ഒരു പുരോഗമന യുവജന പ്രസ്ഥാനമാണ്. ആ സംഘടന രാഷ്ട്രീയ കേരളത്തിന് നല്‍കിയ സംഭാവനയും വളരെ വലുതാണ്. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോള്‍ തന്നെ പ്രായോഗിക രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഇപ്പോഴത്തെ കാലാവസ്ഥയില്‍ നടത്താന്‍ പാടില്ലാത്ത ഒരു പരിപാടിയാണ് പോര്‍ക്ക് ചലഞ്ച്. അതെന്തായാലും പറയാതെ വയ്യ. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും ഒന്നും വേര്‍തിരിവ് ഡി.വൈ.എഫ്.ഐയ്ക്ക് ഇല്ലെങ്കിലും ആ സംഘടനയിലെ തലപ്പത്ത് ഉള്ളവര്‍ മതവിശ്വാസികള്‍ അല്ലെങ്കിലും ആ സംഘടനയിലെ മഹാ ഭൂരിപക്ഷവും വിശ്വാസികളാണ് എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതില്‍ ഹിന്ദുവും മുസ്ലീമും ക്രൈസ്തവരും എല്ലാം ഉള്‍പ്പെടും.
ഏത് മതമായാലും ആ മതത്തില്‍ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നീക്കം രാഷ്ട്രീയമായി ഡി.വൈ.എഫ്.ഐയ്ക്കും ഇടതുപക്ഷത്തിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. ഒറ്റപ്പെട്ടതാണെങ്കിലും അത്തരമൊരു പ്രകോപനം ഡി.വൈ.എഫ്.ഐ ഇപ്പോള്‍ നടത്തിയ പോര്‍ക്ക് ഫെസ്റ്റിവല്‍ മൂലം ഉണ്ടായിട്ടുണ്ട്.
പന്നി ഇസ്ലാംമത വിശ്വാസികള്‍ക്ക് നിഷിദ്ധമാണ്. ആ പന്നിയിറച്ചി ഉപയോഗിച്ച് തന്നെ ചലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതര്‍ക്ക് നല്‍കുന്നത് എന്തിന് വേണ്ടിയാണ്? മറ്റ് എന്തൊക്കെ ഭക്ഷണം നല്‍കി പണം സ്വരൂപിക്കാന്‍ പറ്റും എന്നിരിക്കെ എന്തിനു വേണ്ടിയാണ് ഈ പ്രകോപനമെന്നതിന് ഡി.വൈ.എഫ്.ഐ നേതൃത്വം മറുപടി പറയണം. വയനാട്ടില്‍ ദുരിത ബാധിതരായവരില്‍ ധാരാളം ഇസ്ലാംമത വിശ്വാസികളുമുണ്ട്. അവര്‍ക്ക് എങ്ങനെയാണ് ഡി.വൈ.എഫ്.ഐ ഇങ്ങനെ സ്വരൂപിച്ച് നല്‍കുന്ന സഹായം സ്വീകരിക്കാന്‍ പറ്റുക എന്നത് കൂടി, പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തുന്നതിന് മുന്‍പ് ഡി.വൈ.എഫ്.ഐ ആലോചിക്കണമായിരുന്നു.
മുസ്ലിം ലീഗിനും സകല കമ്യൂണിസ്റ്റ് വിരുദ്ധരായ മതസംഘടനാ നേതൃത്വങ്ങള്‍ക്കും സി.പി.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും കടന്നാക്രമിക്കാനുള്ള അവസരമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ ഈ പോര്‍ക്ക് ഫെസ്റ്റിവലിന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിച്ചിരിക്കുന്നത് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നാണ്. അതും ഡി.വൈ.എഫ്.ഐ നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്.
പന്നി ഇസ്ലാംമത വിശ്വാസികള്‍ക്ക് നിഷിദ്ധമാണെങ്കിലും ക്രൈസ്തവ മതക്കാര്‍ക്ക് അത് ഇഷ്ടവിഭവമാണ്. ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതവിഭാഗവും ഏറെയുള്ള നാടാണ് കേരളം. ആര് എന്ത് കഴിക്കണം, വീടുകളിലും ഹോട്ടലുകളിലും എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവിടുത്തെ ഉടമകളാണ്. അതാരും ഇന്നുവരെ ചോദ്യം ചെയ്തിട്ടുമില്ല.
എന്നാല്‍, ഡി.വൈ.എഫ്.ഐ നടത്തിയ പോര്‍ക്ക് ഫെസ്റ്റിവല്‍ അത് പോലെയല്ല. എല്ലാ മതവിഭാഗത്തില്‍പ്പെട്ട ദുരിത ബാധിതര്‍ക്കും വേണ്ടിയുള്ളതാണത്. അതിനാകട്ടെ ഒരു മതത്തിന്റെയും നിറവുമില്ല. എന്നാല്‍ പോര്‍ക്ക് ഫെസ്റ്റിവല്‍ വിവാദമായതോടെ വയനാട്ടിലെ ദുരിതബാധിതരായവര്‍ക്കിടയിലും കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തങ്ങള്‍ക്ക് ഡി.വൈ.എഫ്.ഐ വഴി ലഭിക്കുന്ന സഹായം പോര്‍ക്ക് വിറ്റ് കിട്ടുന്ന പണമാണെങ്കില്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന ചിന്ത ഒരു വിഭാഗത്തില്‍ ഉണ്ടാക്കാന്‍ ഈ വിവാദങ്ങള്‍ എന്തായാലും വഴിവച്ചിട്ടുണ്ട്. പോര്‍ക്ക് ഫെസ്റ്റിവല്‍ മുന്‍നിര്‍ത്തി സി.പി.എം ഇസ്ലാംമതത്തിന് എതിരാണെന്ന വ്യാപകമായ പ്രചരണമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ നടക്കുന്നത്.
ഇസ്ലാംമത വിശ്വാസികള്‍ക്ക് വേണ്ടി സി.പി.എമ്മും, ഇടതുപക്ഷ സര്‍ക്കാരുകളും നല്‍കിയ സംഭാവനകളും ത്യാഗങ്ങളും മറന്നാണ് ഇത്തരമൊരു കടന്നാക്രമണം സി.പി.എം ഇപ്പോള്‍ നേരിടുന്നത്. സി.പി.എമ്മിന്റെ വര്‍ഗ്ഗ ബഹുജന സംഘടനയായ ഡി.വൈ.എഫ്.ഐ അനവസരത്തില്‍ എടുത്ത അപക്വമായ ഒരു തീരുമാനത്തിന്റെ പരിണിത ഫലമാണിത്.
ഇത്തരം പ്രചരണങ്ങള്‍ ശക്തിപ്പെടുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ഉണ്ടാക്കുക. പ്രബുദ്ധരായ ജനതയാണ് രാഷ്ട്രീയ കേരളത്തില്‍ ഉള്ളതെന്ന് ഒരു വാദത്തിന് വേണമെങ്കില്‍ നമുക്ക് അവകാശപ്പെടാമെങ്കിലും അത്ര വലിയ പ്രബുദ്ധതയൊന്നും ഈ നാട്ടില്‍ ഇല്ലെന്നത് വ്യക്തമാണ്. ജാതി – മത സംഘടനകള്‍ക്കും ഈ മണ്ണില്‍ ശക്തമായ സ്വാധീനമുണ്ട്. ആ സ്വാധീനം മറികടന്ന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും മാറിയ കേരളത്തില്‍ വലിയ വെല്ലുവിളി തന്നെയാണ് നേരിടേണ്ടി വരുന്നത്.
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടും, സി.പി.എം നിലപാടും വലിയ വോട്ട് ചോര്‍ച്ചയാണ് ഇടതുപക്ഷത്തിന് ഉണ്ടാക്കിയിരിക്കുന്നത്. 2019-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ അത് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, 2021- ല്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിച്ചത് പോയ വോട്ടുകള്‍ തിരിച്ചുവന്നത് കൊണ്ടല്ലെന്നതും ഇടതുപക്ഷ നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്. പ്രളയവും കോവിഡും നിപ്പയും നല്‍കിയ കടുത്ത പ്രതിസന്ധിയും ഈ വെല്ലുവിളി നേരിടാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ഇടപെടലുമാണ് ഭരണത്തുടര്‍ച്ചയ്ക്ക് വഴി വച്ചിരുന്നത്. ഇക്കാര്യം അടിവരയിടുന്നതാണ് ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ്. 2019-ല്‍ ഒറ്റ സീറ്റില്‍ ഒതുക്കിയ ഇടതുപക്ഷത്തെ 2024ലും ഒറ്റ സീറ്റില്‍ തന്നെയാണ് കേരള ജനത ഒതുക്കിയിരിക്കുന്നത്. ഇത്തവണ ആലത്തൂര്‍ സീറ്റ് ഇടതുപക്ഷത്തിന് ലഭിച്ചതിന് പ്രധാന കാരണം ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രൊഫ. സരസു, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് ലഭിക്കേണ്ട വോട്ടുകളില്‍ നല്ലൊരു വിഭാഗം ചോര്‍ത്തിയത് കൊണ്ട് കൂടിയാണ്. വോട്ടിങ്ങില്‍ വന്‍ വര്‍ദ്ധനവാണ് ഇത്തവണ ആലത്തൂരിലും ബിജെപി ഉണ്ടാക്കിയിരിക്കുന്നത്. 2021-ലെ പ്രത്യേക സാഹചര്യം മാറ്റി നിര്‍ത്തിയാല്‍ 2019ലും 2024ലും ലോകസഭ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബി.ജെ.പി ഉണ്ടാക്കിയിരിക്കുന്നത്. തൃശൂര്‍ ലോകസഭ സീറ്റ് ഇത്തവണ പിടിച്ചെടുത്ത ബി.ജെ.പി 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതും, 9 മണ്ഡലങ്ങളില്‍ രണ്ടാമതും എത്തിയിട്ടുണ്ട്. അതായത്, ഈ 20 സീറ്റുകളില്‍ വിജയിക്കാനാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇനി ശ്രമിക്കാന്‍ പോകുന്നത്. ബി.ജെ.പി ഇങ്ങനെ മുന്നിട്ട് നില്‍ക്കുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളാണ്. അപകടകരമായ സാഹചര്യമാണത്. 2021 – ചൂണ്ടിക്കാട്ടി ഈ മുന്നേറ്റത്തെ നിസാരവല്‍കരിക്കാന്‍ സിപിഎം ശ്രമിച്ചാല്‍ അത് വന്‍ തിരിച്ചടിയിലാണ് കലാശിക്കുക. വിപ്ലവ മണ്ണായ ആലപ്പുഴയില്‍ ഉള്‍പ്പെടെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിത്തറയാണ് തകര്‍ന്നിരിക്കുന്നത്. ഇതിന് ഇടയാക്കിയ പ്രധാന കാരണങ്ങളില്‍ ഒന്ന്, ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുവരാത്തത് തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹൈന്ദവ വിശ്വാസികള്‍ വോട്ട് ചെയ്യുന്ന പാര്‍ട്ടി സി.പി.എമ്മാണ് ആ വോട്ട് ബാങ്കിലാണ് ബി.ജെ.പി ഇപ്പോള്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്.
മത ന്യൂനപക്ഷങ്ങളില്‍ മുസ്ലിം സമൂഹത്തിലെ നല്ലൊരു വിഭാഗത്തിന്റെ പിന്തുണ കഴിഞ്ഞ കുറേ കാലങ്ങളായി സി.പി.എമ്മിനും ഇടതുപക്ഷത്തിനും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലിംങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോഴും ഇടതുപക്ഷത്തിന്റെ കൈയ്യിലാണ് ഉള്ളത്. മുസ്ലീംലീഗ് കോട്ടയായ മലപ്പുറത്ത് പോലും ലീഗ് കോട്ടയില്‍ വിള്ളലുണ്ടാക്കുന്ന മുന്നേറ്റം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം നടത്തിയിട്ടുണ്ട്. മലപ്പുറത്തിന് മീതെ വളരാന്‍ ലീഗിന് കഴിയാതിരിക്കുന്നതിന്റെ പ്രധാന കാരണവും മുസ്ലീം ന്യൂനപക്ഷങ്ങളിലെ ഇടതുപക്ഷ സ്വാധീനമാണ്.
ആ സ്വാധീനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ ഡി.വൈ.എഫ്.ഐ ആയിട്ട് ഒരുക്കിക്കൊടുക്കുന്നത്. ഇത് മുസ്ലിം സമുദായത്തിലെ ഇടതുപക്ഷ മനസ്സുകളെയും പോറല്‍ ഏല്‍പ്പിക്കുന്ന നടപടിയാണ്. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന’ ചിന്താഗതിയൊക്കെ നല്ലതാണ്. എന്നാല്‍, അത് പ്രായോഗികതയിലേക്ക് കൊണ്ടുവരാന്‍ പുതിയ കാലത്തും എളുപ്പമല്ല.
ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേര്‍ന്നുനില്‍ക്കുന്ന സംഘടനയല്ല. അതില്‍ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ഈ പറഞ്ഞവരൊക്കെ കോണ്‍ഗ്രസ്സിലും കാണും. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.
ബീഫ് ചലഞ്ചും പോര്‍ക്ക് ചലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണെങ്കില്‍, അത് നടത്തുന്നത് എന്തിനു വേണ്ടിയാണ് എന്നതും പ്രസക്തമായ ചോദ്യമാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തിയല്ല ദുരിതബാധിതരെ സഹായിക്കേണ്ടത്. ഇത്തരം പ്രവര്‍ത്തികള്‍ അവരുടെ മനസ്സിനെയും വേദനിപ്പിക്കും.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു മതവുമില്ലെങ്കില്‍… എല്ലാ മതക്കാരെയും അവരുടെ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍… ആ മത വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചാകണം നിലപാട് സ്വീകരിക്കേണ്ടത്. അതല്ലെങ്കില്‍, ശബരിമല വിവാദം നല്‍കിയ പ്രഹരം പോലെ മറ്റൊരു പ്രഹരമായി… പോര്‍ക്ക് ഫെസ്റ്റിവല്‍ വിവാദവും മാറും.
EXPRESS VIEW