CMDRF

ഇ-ഗ്രാന്റ് നല്‍കണം: പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങി ആദിവാസി സംഘടനകള്‍

ഇ-ഗ്രാന്റ് നല്‍കണം: പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങി ആദിവാസി സംഘടനകള്‍
ഇ-ഗ്രാന്റ് നല്‍കണം: പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങി ആദിവാസി സംഘടനകള്‍

തിരുവനന്തപുരം: ആദിവാസി-ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ഗ്രാന്റുകള്‍ (ഇ-ഗ്രാന്റ്) രണ്ടു വര്‍ഷത്തിലേറെയായി മുടങ്ങി കിടക്കുന്നതില്‍ പ്രതിഷേധിച്ച് ജൂലൈ 20-ന് തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങി ആദിവാസി സംഘടനകള്‍. ആദിവാസി ശക്തി സമ്മര്‍ സ്‌കൂള്‍, ആദിവാസി ഗോത്ര മഹാസഭ തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആദിവാസി-ദലിത് തിയറ്റര്‍ മൂവ്‌മെന്റിന്റെ ആദ്യ സംരംഭമായ ‘എങ്കളഒച്ചെ’ എന്ന നാടകവും വിദ്യാര്‍ത്ഥികളുടെ മറ്റ് കലാ-സാംസ്‌കാരിക പരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ നിന്നും രാജ്ഭവനിലേക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷാ കര്‍ത്താക്കളും ആദിവാസി ദലിത് സംഘടനാ പ്രവര്‍ത്തകരും പങ്കാളികളാകും.

വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ഗ്രാന്റുകള്‍ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിയതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട സാഹ ചര്യമുണ്ടെന്നാണ് ആദിവാസി സംഘടനകള്‍ പറയുന്നത്. കോഴ്സുകള്‍ കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ട്യൂഷന്‍ ഫീസും മറ്റ് ഫീസുകളും ലഭിക്കാത്തതിനാല്‍ കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കുന്നില്ല. പഠനകാലയളവില്‍ കൃത്യസമയത്തു ഫീസ് നല്‍കാത്തതിനാല്‍ പരീക്ഷാ ഫീസുകള്‍ വിദ്യാര്‍ത്ഥി സ്വന്തം കൈയില്‍ നിന്നും കൊടുക്കേണ്ടിവരുന്നു. ഹാള്‍ ടിക്കറ്റുകളും റിസള്‍ട്ടും തടഞ്ഞു വെക്കുന്നതും സാധാരണമാണ്. പഠനകാലത്ത് ഉപജീവനത്തിന് ലഭിക്കേണ്ട ഹോസ്റ്റല്‍ അലവന്‍സുകള്‍ ലഭിക്കാത്തതിനാല്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്നവര്‍ നിരവധിയാണ്. സര്‍ക്കാര്‍ കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ, സ്വകാര്യഹോസ്റ്റലില്‍ താമസിക്കുകയാണെങ്കില്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 3000 രൂപയും പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപയും മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം. പോക്കറ്റ് മണി പ്രതിമാസം 200 രൂപയും, ലംപ്‌സം ഗ്രാന്റ്‌റ് (ഡിഗ്രി/പ്ലസ് ടു കാര്‍ക്ക്) 1400 രൂപയുമാണ്. പരിമിതമായ ഈ തുകയും നല്‍കുന്നില്ല എന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഹോസ്റ്റല്‍ അലവന്‍സുകള്‍ പ്രതിമാസം 6500 രൂപയാക്കി എല്ലാ വിഭാഗക്കാര്‍ക്കും വര്‍ദ്ധിപ്പിക്കണമെന്ന് എസ് സി എസ് ടി വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടും ധനകാര്യവകുപ്പ് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഒരു വിദ്യാര്‍ത്ഥി കോളേജില്‍ പ്രവേശിച്ചാല്‍ ഉടന്‍ ഫ്രീഷിപ്പ് കാര്‍ഡ് നല്‍കും എന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാത്തതിനാല്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവേശന സമയത്ത് ഭീമമായ തുക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയാണ്. വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് വൈകിമാത്രമാണ് ഗ്രാന്റുകള്‍ എത്തുന്നത് എന്നതിനാലാണ് മാനേജ്‌മെന്റുകള്‍ കര്‍ശന തീരുമാനമെടുക്കുന്നത്.

വിദ്യാഭ്യാസ ഗ്രാന്റുകള്‍ നല്‍കുന്നതിന് ഒരു ഏകീകൃത പോര്‍ട്ടല്‍ നടപ്പാക്കി 2021 ല്‍ ഒരു ഗൈഡ്ലൈന്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ വാര്‍ഷിക വരുമാനം 2.5 ലക്ഷം കൂടിയാല്‍ ഗ്രാന്റുകള്‍ നല്‍കേണ്ടെന്നും, വര്‍ഷത്തില്‍ 3 തവണ (ആഗസ്റ്റ്, ഡിസംബര്‍, മാര്‍ച്ച്) യായി ഗ്രാന്റുകള്‍ നല്‍കിയാല്‍ മതിയെന്ന് ഗൈഡ്ലൈനില്‍ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗവകുപ്പാകട്ടെ ഇതിനെ മറികടന്ന് വര്‍ഷത്തില്‍ ഒരു തവണമാത്രം നല്‍കിയാല്‍ മതി എന്ന് ഉത്തരവിറക്കുകയും ചെയ്തു. സംസ്ഥാനം നല്‍കേണ്ട വിഹിതം കൃത്യസമയത്ത് നല്‍കാതിരിക്കുകയും വര്‍ഷത്തില്‍ ഒരു തവണ നല്‍കുമെന്ന വാഗ്ദാനം പോലും പാലിക്കാത്ത സാഹചര്യത്തിലാണ് ഭീമമായ തുക കുടിശ്ശികയായി മാറിയത്. ബഡ്ജറ്റില്‍ കൃത്യമായി തുക വകയിരുത്താറുണ്ടെങ്കിലും ചെലവഴിക്കുന്നില്ല ആദിവാസി സംഘടനകള്‍ പറയുന്നു.

പ്രധാനമായും അഞ്ചു ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഈ ഗ്രാന്‍ഡ് വരുമാനപരിധി രണ്ടര ലക്ഷം എന്നത് എടുത്തു കളയുക, വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ട എല്ലാ ഗ്രാന്‍ഡുകളും പ്രതിമാസം നല്‍കുക, ഇ ഗ്രാന്‍ഡ് കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തു തീര്‍ക്കുക, ഹോസ്റ്റല്‍ അലവന്‍സുകള്‍ അനുയോജ്യമായ നിലയില്‍ വര്‍ദ്ധിപ്പിക്കുക,വര്‍ഷത്തില്‍ ഒറ്റ തവണയായി വിദ്യാഭ്യാസ അലവന്‍സുകള്‍ കൊടുത്താല്‍ മതിയെന്ന കേരള സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് ഈ ആവശ്യങ്ങള്‍.

Top