കണ്ണൂര്‍: ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറും ഇ.പി. ജയരാജനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇ.പി. ജയരാജന് ജാഗ്രതക്കുറവുണ്ടെന്ന് നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. ഇപ്പോള്‍ നടക്കുന്നതെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാഷട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന എല്ലാ മേഖലയിലും നമ്മള്‍ ആരെയെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഞാനും എം.എം. ഹസനും ബി.ജെ.പി. നേതാവ് കൃഷ്ണദാസും കണ്ടിരുന്നു. വളരെ സൗഹൃദമായിരുന്നു. പക്ഷേ കര്‍ശനമായ അഭിപ്രായവ്യത്യാസമാണ് ഉള്ളത്. വ്യക്തിപരമായ സൗഹൃദമല്ല, രാഷ്ട്രീയമാണ് ഇവിടെ പ്രശ്നം.’ -വോട്ട് ചെയ്ത ശേഷം എം.വി. ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും പാര്‍ട്ടി നേതാക്കള്‍ക്കുമെല്ലാം എതിരെ നിരവധിയായ പ്രചരണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നുണ്ട്. ഇതിനെയെല്ലാം ഞങ്ങള്‍ കാണുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ ഭാഗമായാണ്. വോട്ടിങ് അവസാനിക്കുന്നത് വരെയേ ഇതുണ്ടാകൂ. ഇതെല്ലാം ഗൂഢാലോചനയാണ്. സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ ചമയ്ക്കുന്ന എല്ലാം സൂക്ഷ്മമായി പരിശോധിച്ചുനോക്കിയാല്‍ അതിന്റെ പിന്നില്‍ വര്‍ഗപരവും രാഷ്ട്രീയവുമായ ഗൂഢ ഉദ്ദേശങ്ങള്‍ കാണാം.’ -ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
‘ദല്ലാള്‍ നന്ദകുമാറിനെ പോലുള്ള ഫ്രോഡിനോട് എന്ത് പ്രതികരിക്കാനാണ്. അദ്ദേഹത്തെ പോലെ ഒരാളെ വിശ്വസിക്കാന്‍ പറ്റില്ല. എന്തും പറയും. എന്നാല്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ പരിശോധിക്കട്ടെ. കാരണം അത് രാജ്യരക്ഷയുമായി ബന്ധപ്പെട്ടതുകൊണ്ടാണ്.’ -അദ്ദേഹം പറഞ്ഞു. ശിവനൊപ്പം പാപി ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞത് ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.