ലണ്ടന്‍: അമേരിക്കന്‍ ഗായിക ടെയ്ലര് സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ (ബി.ജി.എസ്.). പരിപാടി നടന്ന എഡിന്‍ബറയിലെ മുറേഫീല്‍ഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റര്‍ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് സര്‍വേ വ്യക്തമാക്കുന്നു.
എഡിന്ബറയില് ജൂണ്‍ ഏഴുമുതല്‍ ഒമ്പതുവരെ നടന്ന പരിപാടി ആസ്വദിക്കാന്‍ രണ്ടുലക്ഷത്തിലേറെ ആരാധകരാണെത്തിയത്. സ്വിഫ്റ്റിന്റെ ആഗോളസംഗീത പര്യടനപരിപാടിയായ ‘എറാസ് ടൂറി’ന്റെ ബ്രിട്ടനിലെ ആദ്യ അവതരണമായിരുന്നു എഡിന്ബറയിലേത്. ആരാധകരുടെ ഇഷ്ടഗാനങ്ങളായ ‘റെഡി ഫോര്‍ ഇറ്റ്?’, ‘ക്രുവല്‍ സമ്മര്‍’, ‘ഷാംപെയ്ന്‍ പ്രോബ്ലംസ്’ എന്നിവ പാടിയപ്പോഴായിരുന്നു ഓരോ രാത്രിയും ഭൂകമ്പത്തിനുസമാനമായ ചലനമുണ്ടായതെന്ന് ബി.ജി.എസ്. പറഞ്ഞു. ‘റെഡി ഫോര്‍ ഇറ്റ്?’ പാടിയവേളയില്‍ ജനക്കൂട്ടം ഉയര്‍ത്തിയ ആരവം 80 കിലോവാട്ട് ഊര്‍ജം പ്രസരിപ്പിച്ചു. ആരാധകരുടെ ആരവവും സംഗീതോപകരണങ്ങളുടെ ശബ്ദമുണ്ടാക്കുന്ന പ്രകമ്പനവുമാണ് ഭൂകമ്പതരംഗങ്ങള്ക്കു കാരണമാകുന്നത്.
‘എറാസ് ടൂര്‍’ ആദ്യമായല്ല ഭൂകമ്പമുണ്ടാക്കുന്നത്. 2023 ജൂലായില്‍ യു.എസിലെ സിയാറ്റയില്‍ സ്വിഫ്റ്റ് നടത്തിയ കച്ചേരി ഭൂകമ്പമാപിനിയിലെ 2.3 തീവ്രതയ്ക്കു തുല്യമായ തരംഗമുണ്ടാക്കിയിരുന്നു. ലോകത്താദ്യമായി 100 കോടിയിലേറെ ഡോളര്‍ നേടിയ സംഗീതപരിപാടി എന്ന റെക്കോഡിന് ‘എറാസ് ടൂര്‍’ കഴിഞ്ഞവര്‍ഷം അര്‍ഹമായിരുന്നു.