CMDRF

ഐ.എസ്.എലില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും നേർക്കുനേർ; മത്സരം കൊച്ചിയില്‍

ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ദിമിത്രിയോസ് ഡയമാന്റകോസ് ഇതാദ്യമായി എതിരാളിയുടെ വേഷത്തിൽ

ഐ.എസ്.എലില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും നേർക്കുനേർ; മത്സരം കൊച്ചിയില്‍
ഐ.എസ്.എലില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും നേർക്കുനേർ; മത്സരം കൊച്ചിയില്‍

കൊച്ചി: പനിമാറി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉണർന്നിരിക്കുകയാണ്. എന്നാൽ കോച്ച് മിക്കേൽ സ്റ്റാറെയുടെ വെർട്ടിക്കൽ ഫുട്‌ബോൾ കളിക്കാർക്കുണ്ടാക്കുന്ന ‘തലവേദന’ മാറിയിട്ടില്ല. ഐ.എസ്.എൽ. സീസണിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ഫലം ആരോഗ്യകരമാകണേയെന്നാണ് ടീമിന്റെ ആഗ്രഹം. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയായി എത്തുന്നത്. ആദ്യകളിയിൽ പഞ്ചാബ് എഫ്.സി.യോട് 2-1ന് തോറ്റ ബ്ലാസ്റ്റേഴ്‌സിന് ഈ കളി ജയിച്ചേ തീരു. ആദ്യകളിയിൽ ബെംഗളൂരു എഫ്.സി.യോട് ഒറ്റഗോളിന് തോറ്റാണ് ഈസ്റ്റ് ബംഗാൾ രംഗത്ത് വരുന്നത്.

ALSO READ: വീണ്ടും മികച്ച പ്രകടനവുമായി സഞ്ജു സാംസൺ

വെർട്ടിക്കൽ ഗെയിമിലൂടെത്തന്നെ ബ്ലാസ്റ്റേഴ്‌സിനെ ട്രാക്കിലെത്തിക്കാനാണ് സ്റ്റാറെയുടെ ശ്രമം. പ്രതിരോധത്തിൽ പ്രീതം കോട്ടാലും സന്ദീപ് സിങ്ങും സഹീഫും ആദ്യ ഇലവനിൽ വന്നാൽ അലക്സാണ്ടർ കോയെഫിനെ ലൂണയുടെ സഹായിയായി മിഡ്ഫീൽഡിലേക്ക് കയറിക്കളിപ്പിക്കാനാകും ശ്രമം. ഇതിനൊപ്പം മലയാളി താരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസറും മധ്യനിരയിൽ മികച്ച കളി കെട്ടഴിച്ചാൽ നോഹയിലേക്കുള്ള പന്തൊഴുക്ക് സുഗമമാകും. നോഹയ്ക്കൊപ്പം വിങ്ങിൽ മലയാളിതാരം കെ.പി. രാഹുലും ഫിനിഷറുടെ റോൾ ഏറ്റെടുത്താൽ സ്റ്റാറേയുടെ ഗെയിംപ്ലാൻ ഫലംകാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ദിമിത്രിയോസ് ഡയമാന്റകോസ് ഇതാദ്യമായി എതിരാളിയുടെ വേഷത്തിലുള്ളത് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാൾ ഇരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ ജീക്‌സൺ സിങ്ങും നവോറം സിങ്ങും ഉൾപ്പെടുന്ന മധ്യനിരയും ബ്ലാസ്റ്റേഴ്‌സിനെ വെള്ളം കുടിപ്പിക്കാൻ പോന്നതാണ്. മലയാളിതാരങ്ങളായ പി.വി. വിഷ്ണുവും സി.കെ. അമനും അടങ്ങിയ യുവനിരയും ഈസ്റ്റ് ബംഗാളിന്റെ കളിക്ക് ഊർജമേറ്റുന്നു. മൂന്നുപോയന്റാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോച്ച് കാൾസ് ക്വാഡ്രറ്റ് പറയുന്നു.

Top