മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച 90 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. പ്രസാദം കഴിച്ച നിരവധി ആളുകൾ ആശുപത്രികളിലായി ചികിത്സ തേടിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.
നന്ദേഡ് ജില്ലയിലെ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ വിതരണം ചെയ്‌ത പ്രസാദവും മധുരമുള്ള പലഹാരവും കഴിച്ചതിനെ തുടർന്ന് തങ്ങൾക്ക് ഛർദിൽ തുടങ്ങുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന് ഭക്തരിൽ ഒരാൾ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യം കുറച്ച് ആളുകളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തുടർന്ന് വൈകുന്നേരത്തോടെ നിരവധി ആളുകൾക്ക് സമാന ലക്ഷണങ്ങൾ ആരംഭിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.