വളരെ പ്രധാനപ്പെട്ട ഒന്നാണ് ദന്താരോഗ്യം. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം. പല്ലുകളുടെ ആരോഗ്യത്തിന് പറ്റിയ കുറച്ച് ഭക്ഷണക്രമങ്ങൾ പരിചയപ്പെടാം.
ആപ്പിൾ
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താം എന്ന ചൊല്ല് ഇവിടെയും പറയാം. പല്ലുകളില്‍ ‘ക്യാവിറ്റി’ ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ നല്ലതാണ്. ചവച്ചിറക്കുന്നതും നാരുകളടങ്ങിയതുമായ പഴങ്ങള്‍ പല്ലുകളില്‍ പറ്റിപിടിക്കുന്ന ബാക്ടീരിയകളെ (പ്ലാക്) നീക്കം ചെയ്യും. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ആപ്പിള്‍ ദന്താരോഗ്യത്തിന് മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
ഇലക്കറികള്‍
പല്ലുകളുടെ ആരോഗ്യത്തിന് ഇലക്കറികള്‍ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. കാലറി മൂല്യം കുറവായതിനാല്‍ വണ്ണം കുറയ്ക്കാനായി ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം. ഇലക്കറി പതിവാക്കുന്നവര്‍ക്കു ഹൃദ്രോഗവും കാന്‍സറും കുറവെന്ന് റിപ്പോര്‍ട്ടുണ്ട്.
സ്‌ട്രോബെറി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന സ്‌ട്രോബെറി ദന്താരോഗ്യത്തിന് നല്ലതാണ്. പല്ലുകള്‍ക്ക് നല്ല നിറം നല്‍കാനും ഇവ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന പഴം കൂടിയാണിത്.
പാൽ
പാലും പാലുത്പന്നങ്ങളും പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പാല്‍, ചീസ്, തൈര് എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും. പാല്‍ ഉത്പന്നങ്ങളിലെ പോഷകങ്ങള്‍ക്ക് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിര്‍വീര്യമാക്കാന്‍ കഴിയും. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.
ഡാര്‍ക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് വിഭാഗത്തില്‍ ഏറ്റവും മികച്ച വിഭാഗമാണിത്. പല്ലുകളുടെ ആരോഗ്യത്തിന് ഡാര്‍ക്ക് ചോക്ലേറ്റ് മികച്ചതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന സിബിഎച്ച് പല്ലുകളുടെ ഇനാമലിനെ സംരക്ഷിക്കുന്നു. പല്ലുകളുടെ ശക്തിക്കും ആരോഗ്യത്തിനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.