ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ അഴിമതി തുടച്ചുനീക്കാന്‍ ശക്തമായ നടപടിക്കൊരുങ്ങി സി.ബി.ഐ. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. രാജ്യത്തെ ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി പ്രധാന ഏജന്‍സികളിലെ ഏത് ഉദ്യോഗസ്ഥന്‍ അഴിമതി നടത്തിയാലും കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് മാത്രം അന്വേഷണം നടത്തിയാല്‍ ഫലപ്രദമാകില്ലെന്ന് കണ്ടാണ് നിരീക്ഷണം ശക്തമാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഏത് ഓഫീസില്‍ കയറി പരിശോധന നടത്താനും, നടപടി സ്വീകരിക്കാനും സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് അധികാരമുണ്ട്. ഐ.എ.എസ്, ഐ.പി.എസ്, ഐ.ആര്‍.എസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചാല്‍ പോലും നടപടി എടുക്കേണ്ടത് സി.ബി.ഐയാണ്. കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അഴിമതിക്കുറ്റത്തിന് തമിഴ്‌നാട്ടിലും രാജസ്ഥാനിലും ഉള്‍പ്പെടെയാണ്, സംസ്ഥാന ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നത്. ഇത് കേന്ദ്ര സര്‍ക്കാറിനും നാണക്കേടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കടുത്ത നടപടികളിലേക്ക് കടക്കാന്‍ സി.ബി.ഐയും നിര്‍ബന്ധിതമായിരിക്കുന്നത്.
അതേസമയം, അഴിമതിക്കേസില്‍പ്പെട്ട ഒരു ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഇപ്പോള്‍ സി.ബി.ഐയുടെ പിടിയില്‍ ആയിട്ടുണ്ട്. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് ഡല്‍ഹിയില്‍വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിന്മേലാണ് അറസ്റ്റ് എന്നാണ് സിബിഐ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
സി.ബി.ഐ നടപടി കടുപ്പിക്കുന്നതോടെ, അഴിമതി സംബന്ധമായി കൂടുതല്‍ പരാതികള്‍ വന്നു തുടങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ കരുതുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഇടനിലക്കാരായി, കേരളത്തില്‍ ഉള്‍പ്പെടെ വലിയ അഴിമതികള്‍ നടക്കുന്നതായും ഉന്നത കേന്ദ്രങ്ങള്‍ സംശയിക്കുന്നുണ്ട്.
നിലവിലെ സി.ബി.ഐ ഡയറക്ടര്‍ കര്‍ണ്ണാടക മുന്‍ ഡിജിപി പ്രവീണ്‍ സൂദ് ആണ്. സത്യസന്ധനും കര്‍ക്കശക്കാരനുമായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഹിമാചല്‍ പ്രദേശ് സ്വദേശിയായ പ്രവീണ്‍ സൂദ്, 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2011 ല്‍ വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.
STAFF REPORTER