കരുവന്നൂര്‍ കള്ളപ്പണ കേസ്: പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ കോടതിയെ സമീപിച്ച് ഇഡി

കരുവന്നൂര്‍ കള്ളപ്പണ കേസ്: പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ കോടതിയെ സമീപിച്ച് ഇഡി

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ കോടതിയെ സമീപിച്ച് ഇഡി. ആര്‍ക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങള്‍ക്ക് മുന്‍പേ നല്‍കിയ ഉറപ്പ് പാലിക്കാതെ നില്‍ക്കുമ്പോഴാണ് ഇഡിയുടെ നീക്കം. വിചാരണ കാലയളവില്‍ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താന്‍ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപകരെ ശാന്തരാക്കാന്‍ പറഞ്ഞ വാക്കുകളാണിത്. മാസം ഏഴ് കഴിഞ്ഞു. ബഹുഭൂരിപക്ഷത്തിനും പണം തിരികെ ലഭിച്ചില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ പണം സ്വരൂപിക്കാന്‍ ആയിരുന്നു പദ്ധതി.

ഇതിനിടയിലാണ് ഇ ഡി പ്രതികളുടെ സ്വത്ത് വിറ്റ് പണം നല്‍കണം എന്ന് കോടതിയോട് ആവശ്യപ്പെടുന്നത്. ഒരു അന്വേഷണ ഏജന്‍സി ഇത്തരമൊരു സത്യവാങ്മൂലം കോടതിയില്‍ നല്‍കുന്നത് അപൂര്‍വ്വമാണ്. പി എം എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കേസില്‍ പ്രതികളായവരുടെ സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കോടതി യഥാര്‍ത്ഥ നിക്ഷേപകരെ കണ്ടെത്തി ബോണ്ട് വാങ്ങി പണം നല്‍കാമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

നിക്ഷേപകര്‍ക്ക് നഷ്ടമായ പണം കുറ്റക്കാരില്‍ നിന്നും ഈടാക്കി തിരികെ ലഭിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകും എന്ന് തൃശ്ശൂരില്‍ പ്രധാനമന്ത്രി തന്നെ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇ ഡി കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഒരാളാണ് പ്രതികളുടെ സ്വത്ത് വിറ്റ് പണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതെങ്കിലും പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ കോടതിയിലെത്തും. കോടതിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്താല്‍ നിക്ഷേപകര്‍ക്ക് ഉടന്‍ പണം ലഭിക്കും. നിലവില്‍ 108 കോടി രൂപയുടെ സ്വത്തുക്കള്‍ ഇടി കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കിന്റെ യഥാര്‍ത്ഥ നഷ്ടം 300 ഓളം കൂടിയാണ്. എന്നാല്‍ എത്രപേര്‍ക്ക് പ്രതികളുടെ സ്വത്തുക്കള്‍ വിറ്റ് പണം നല്‍കാന്‍ കഴിയും എന്നതും വ്യക്തമല്ല.

Top