ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം നല്‍കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. തിരഞ്ഞെടുപ്പിന്റെ പേരില്‍ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാഹചര്യമൊരുക്കുമെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ വഴിയൊരുക്കുമെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കെജ്രിവാള്‍ സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഇഡി വാദം. സ്ഥാനാര്‍ത്ഥിക്ക് പോലും കസ്റ്റഡിയില്‍ ഇരിക്കെ ഇങ്ങനെ ഇളവ് നല്‍കാറില്ല. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശമോ ഭരണഘടനാ അവകാശമോ അല്ലെന്നും ഇഡി കോടതിയില്‍ പറഞ്ഞു. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി മേയ് 20 വരെ നീട്ടിയിരിക്കുകയാണ്. ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.