ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ അധിക കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാളിനെതിരെ 224 പേജുള്ള അധിക കുറ്റപത്രമാണ് ഡല്‍ഹി റോസ് അവന്യു കോടതിയില്‍ ഇഡി സമര്‍പ്പിച്ചത്. കേസ് മെയ് 13ന് കോടതി പരിഗണിക്കും.
ഇ.ഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ടും സാക്ഷികളെ ബന്ധപ്പെടരുതെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം.ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കുന്നത് വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല.
ജാമ്യം അനുവദിച്ച കോടതി കര്‍ശന ഉപാധികള്‍ മുന്നോട്ട് വച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ ഡല്‍ഹി സെക്രട്ടേറിയറ്റിലേക്കോ പോകരുത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പിടരുത്. ഒരു സാക്ഷിയെയും ബന്ധപ്പെടരുതെന്നുമുള്ള ഉപാധികളാണ് നല്‍കിയത്. ഇഡിക്കെതിരെയും കോടതിയുടെ പരാമര്‍ശം ഉണ്ടായി. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഇഡിയുടെ കാലതാമസം ചൂണ്ടിക്കാട്ടിയ കോടതി 1.5 വര്‍ഷം അന്വേഷണം നടത്തിയതിനാല്‍ നേരത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നെന്ന് നിരീക്ഷിച്ചു. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ഇഡിയോട് കോടതി പറഞ്ഞു.