വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍; തട്ടിപ്പില്‍ വീഴരുത്: നോര്‍ക്ക റൂട്ട്‌സ്

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍; തട്ടിപ്പില്‍ വീഴരുത്: നോര്‍ക്ക റൂട്ട്‌സ്
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍; തട്ടിപ്പില്‍ വീഴരുത്: നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജ അറ്റസ്റ്റേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. സംസ്ഥാനത്ത് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വിദേശത്തേക്ക് ഉപരിപഠനത്തിനോ തൊഴില്‍പരമായോ പോകുമ്പോള്‍ നിങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കുകള്‍ ആധികാരികമാണെന്ന് വ്യക്തമാക്കുന്നതിനാണ് അറ്റസ്റ്റേഷന്‍. ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്.

ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രതപാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. അറ്റസ്റ്റേഷന്‍ർ സേവനങ്ങള്‍ക്കായി www.norkaroots.org എന്ന വെബ്ബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകളില്‍ നിന്നും സേവനം ലഭിക്കും. പരമ്പരാഗത മഷിമുദ്രകള്‍ക്കുപകരം 23-ഓളം സുരക്ഷാഫീച്ചറുകള്‍ ഉള്‍ക്കൊളളിച്ചുളള ഹൈസെക്ക്യൂരിറ്റി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര്‍ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ സംവിധാനമാണ് നോര്‍ക്ക റൂട്ട്സിലേത്.

ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, 100 ലധികം രാജ്യങ്ങളില്‍ അംഗീകാരമുളള അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ മേല്‍പറഞ്ഞ സേവനങ്ങള്‍ ലഭ്യമാകും. ഇത്തരം സേവനങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സ് മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Top