ചോദ്യപേപ്പർ ചോര്‍ച്ചക്ക് തെളിവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന് രാഹുൽ ഗാന്ധി

ചോദ്യപേപ്പർ ചോര്‍ച്ചക്ക് തെളിവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന് രാഹുൽ ഗാന്ധി
ചോദ്യപേപ്പർ ചോര്‍ച്ചക്ക് തെളിവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന് രാഹുൽ ഗാന്ധി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെച്ചൊല്ലി ലോക് സഭയില്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വാക്ക്പോര്. നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാദം. ക്രമക്കേട് ബോധ്യപ്പെട്ടാല്‍ മാത്രം മറുപടി പറയാനേ സര്‍ക്കാരിന് ബാധ്യതയുള്ളൂവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറ‍ഞ്ഞു. വിഷയത്തിൽ 2010 മുതൽ ചർച്ച നടക്കുന്നതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്തെ പരീക്ഷാ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

കഴിഞ്ഞ 7 വര്‍ഷത്തിനിടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് ഒരു തെളിവുമില്ലെന്നാണ് ചോദ്യോത്തര വേളയില്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രതിരോധമുയര്‍ത്തിയത്. നീറ്റ് പരീക്ഷക്കെതിരായ പരാതിയില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഒന്നും മറച്ചു വയക്കാനില്ലയെന്നും കേന്ദ്രത്തിന്‍റെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞപ്പോൾ പണം ഉള്ളവന് പരീക്ഷ ജയിക്കാമെന്ന നിലയിലേക്ക് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായമെത്തിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

‘നമ്മുടെ പരീക്ഷാ സംവിധാനത്തിൽ ​ഗുരുതര പ്രശ്നമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ അറിയാം, നീറ്റ് പരീക്ഷയിൽ മാത്രമല്ല എല്ലാ വലിയ പരീക്ഷകളിലും അങ്ങനെതന്നെയാണ്. താനൊഴികെ എല്ലാവരെയും കുറ്റപ്പെടുത്തുകയാണ് വിദ്യാഭ്യാസമന്ത്രി. എന്താണ് ഇവിടെ നടക്കുന്നത് എന്നതിനെക്കുറിച്ച് അടിസ്ഥാനകാര്യങ്ങൾ‌ പോലും മന്ത്രിക്കറിയില്ലെന്നാണ് തോന്നുന്നത്’- രാഹുൽ പറഞ്ഞു. നിങ്ങൾ പണക്കാരനാണെങ്കിൽ, നിങ്ങളുടെ കൈവശം പണമുണ്ടെങ്കിൽ ഇന്ത്യൻ പരീക്ഷാസംവിധാനത്തെ വിലയ്ക്കെടുക്കാമെന്നാണ് ലക്ഷക്കണക്കിന് ജനങ്ങളും വിശ്വസിക്കുന്നത്. പ്രതിപക്ഷത്തിനും ഇതേ തോന്നലാണുള്ളത്. വിഷയത്തിൽ പ്രത്യേകം ചർച്ച നടത്താനായി ഒരു ദിവസം മാറ്റിവെക്കണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

‘നീറ്റ് വിഷയം സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്. എനിക്ക് പൂർണ ഉത്തരവാദിത്തത്തോടെ പറയാൻ കഴിയും നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി 240ലധികം പരീക്ഷകൾ വിജയകരമായി നടത്തിയിട്ടുണ്ടെന്ന്,’ധർമ്മേന്ദ്രപ്രധാൻ പറഞ്ഞപ്പോൾ നീറ്റ് സംബന്ധിച്ചുള്ളത് സാങ്കേതിക പ്രശ്നം മാത്രമാണെങ്കിൽ അത് പരിഹരിക്കാൻ എന്താണ് സർക്കാർ ചെയ്യുന്നതെന്നും രാഹുൽ ചോദിച്ചു. അലറിപ്പറഞ്ഞാലും ഒരു നുണയും സത്യമാവില്ലെന്നായിരുന്നു ഇതിനോട് മന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ പരീക്ഷാസംവിധാനം താറുമാറാണെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവന വളരെയധികം അപലപനീയമാണെന്നും ധർമ്മേന്ദ്രപ്രധാൻ മറുപടി നൽകി.

അതേസമയം, പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സർക്കർ പുതിയ റെക്കോടിട്ടെന്നാണ് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞത്. സർക്കാർ ഈ വിഷയം കൈകാര്യം ചെയ്ത രീതി ശെരിയല്ലായെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.

Top