ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമമുണ്ടാകണം; ലോക കേരള സഭ

ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമമുണ്ടാകണം; ലോക കേരള സഭ
ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമമുണ്ടാകണം; ലോക കേരള സഭ

തിരുവനന്തപുരം: ലോക കേരള സഭയുടെ ഭാഗമായി നടന്ന മേഖല യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ 19 ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ഭൂരിഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളിലെയും കാര്‍ഷിക മേഖലയിലെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് പ്രതിനിധികള്‍ പറഞ്ഞു.
‘ഫലഭൂഷ്ഠമായ മണ്ണ് അനുകൂലമായ കാലാവസ്ഥ എന്നിവ വലിയ സാധ്യത നല്‍കുന്നു. വിദ്യാഭ്യാസ മേഖലയിലും ആഫ്രിക്കന്‍ രാജ്യങ്ങളെ കേരളത്തിന് പ്രയോജനപ്പെടുത്താനാകും. ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിക്കാനുള്ള പരിശ്രമം ഉണ്ടാകണം.’ ടൂറിസം നിര്‍മ്മാണ മേഖല തുടങ്ങിയവയിലും വലിയ സാധ്യതകള്‍ നിലനില്‍ക്കുന്നതായി പ്രതിനിധികള്‍ പറഞ്ഞു. ആഫ്രിക്കയിലെ യഥാര്‍ത്ഥ സാഹചര്യവും സാധ്യതകളും മനസ്സിലാക്കാന്‍ ചര്‍ച്ചയിലൂടെ സാധിച്ചതായി മന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ എംഎല്‍എമാരായ കെ.ഡി പ്രസേനന്‍, എസി മൊയ്തീന്‍ എന്നിവരും പങ്കെടുത്തു.

അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനെ കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്നും ലോക കേരള സഭ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുമായി ബന്ധപ്പെട്ട മേഖലാ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം. പല തരത്തിലുള്ള വിദ്യാഭ്യാസ തൊഴില്‍ തട്ടിപ്പുകള്‍ക്കും വ്യക്തികള്‍ ഇരയാകുന്ന സാഹചര്യം ഇതിലൂടെ ഇല്ലാതാക്കാം. ഗാര്‍ഹിക മേഖലയില്‍ പണിയെടുക്കാനെത്തുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളെ ഗൗരവകരമായി കാണണം. മലയാള ഭാഷയെ പ്രചരിപ്പിക്കുന്നതിനാവശ്യമായ നടപടികളിലൂടെ മാത്രമേ കേരളവുമായുള്ള ബന്ധം പുതു തലമുറക്ക് നിലനിര്‍ത്താന്‍ കഴിയൂ. നോര്‍ക്ക മാതൃകയില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് പ്രത്യേക ഹെല്‍പ്പ് ഡസ്‌ക് എന്ന ആശയവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് പ്രതിനിധികള്‍ നിര്‍ദേശിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച സെഷനില്‍ എംഎല്‍എമാരായ പി മമ്മിക്കുട്ടി, സച്ചിന്‍ ദേവ്, പി പി സുമോദ്, ലോക കേരള സഭ ഡയറക്ടര്‍ കെ ആസിഫ്, സുര്യ എസ് ഗോപിനാഥ് എന്നിവര്‍ പാനലിസ്റ്റുകളായി.

Top