തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ജില്ലയിലെ സിപിഎമ്മില്‍ തിരഞ്ഞെടുപ്പു ഫണ്ട് വിവാദം. സിപിഐ സ്ഥാനാര്‍ഥി മത്സരിച്ച തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന 3 പേര്‍ക്കെതിരെയാണ് പരാതി. പാര്‍ട്ടി ജില്ലാ നേതൃത്വം അറിയാതെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ പിരിച്ചെന്നും പണം തിരഞ്ഞെടുപ്പു പ്രചാരണത്തിനു വിനിയോഗിച്ചില്ലെന്നും ജില്ലാ കമ്മിറ്റിക്കു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥഥാനത്തില്‍ ആരോപണ വിധേയരില്‍ നിന്നു വിശദീകരണം തേടാന്‍ കഴിഞ്ഞ ദിവസം കൂടിയ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ നേതൃത്വത്തെ പ്രതിനിധീകരിച്ച് സെക്രട്ടേറിയറ്റ് അംഗം സി.അജയകുമാര്‍ പങ്കെടുത്ത യോഗമാണ് 2 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍, ഒരു ഏരിയ കമ്മിറ്റി അംഗം എന്നിവരില്‍ നിന്നു വിശദീകരണം തേടിയത്.
തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 രൂപയില്‍ കൂടുതല്‍ തുക പിരിക്കുന്നതിന് ജില്ലാ കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദേശം ലംഘിച്ചെന്ന് ആരോപിച്ച് ജില്ലാ കമ്മിറ്റിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി യോഗത്തിനിടെ പരാതിയെക്കുറിച്ച് സി. അജയകുമാര്‍ ചോദിച്ചു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് 3 ലക്ഷം രൂപ വാങ്ങിയതായി ഒരു ലോക്കല്‍ സെക്രട്ടറി സമ്മതിച്ചു. എന്നാല്‍ പണം തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിച്ചതെന്നും വിശദീകരിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ഒന്നര ലക്ഷം കൈപ്പറ്റിയതായി മറ്റൊരു ലോക്കല്‍ സെക്രട്ടറിയും സമ്മതിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് പണം ചെലവഴിച്ചെന്ന വിശദീകരണമാണ് ഇദ്ദേഹവും നല്‍കിയത്. രണ്ടു ലോക്കല്‍ കമ്മിറ്റികള്‍ക്കെതിരെ മാത്രം പരാതി ഉണ്ടായതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണ വിധേയനായ ഏരിയ കമ്മിറ്റി അംഗം ആരോപിച്ചു. പത്തു ലക്ഷം രൂപ വരെ പിരിച്ചവരെ തനിക്ക് അറിയാമെന്നും അദ്ദേഹം വിശദീകരിച്ചു. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് ഇടതു സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചത്. ഘടക കക്ഷിയാണ് മത്സരിച്ചതെങ്കിലും പ്രചാരണ ചെലവിന്റെ ഒരു ഭാഗം സിപിഎമ്മും വഹിച്ചിരുന്നു.