CMDRF

രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

കോയമ്പത്തൂര്‍: മൈസൂരില്‍ നിന്നും രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. നീലഗിരി താളൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് രാഹുല്‍ ഗാന്ധി ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. ഇവിടെവെച്ചായിരുന്നു പരിശോധന. ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷം ഫ്ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായ വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.

അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ ആണ് പരിശോധന നടത്തിയത് എന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ ഹെലികോപ്ടറുകളില്‍ ഇതുപോലെ പരിശോധന നടത്തുമോയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ പ്രചാരണത്തിനായി തയാറാക്കിയ ഹെലികോപ്റ്റര്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ചില കേന്ദ്ര ഏജനസികളും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നതായി ടിഎംസി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ഹെലികോപ്ടര്‍ ആദായനികുതി വകുപ്പ് പരിശോധിച്ചതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ടിഎംസി പരാതി. അധികാര ദുര്‍വിനിയോഗമെന്ന് ആരോപിച്ചാണ് തൃണമൂല്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ടിഎംസി ആവശ്യപ്പെട്ടു. ഇന്നലെയാണ് മമത ബാനര്‍ജിയുടെ അനന്തിരവന്‍ കൂടിയായ അഭിഷേക് ബാനര്‍ജിയുടെ ഹെലികോപ്ടര്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചത്. എടുത്ത ദൃശ്യങ്ങള്‍ അധികൃതര്‍ ബലംപ്രയോഗിച്ച് മായിപ്പിച്ചതായും ടിഎംസി ആരോപിച്ചിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. സുല്‍ത്താന്‍ ബത്തേരിയില്‍ രാഹുല്‍ഗാന്ധി റോഡ് ഷോ നടത്തി, പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ടൗണിലാണ് റോഡ് ഷോ നടന്നത്. കൊടികളില്ലാതെയാണ് റോഡ് ഷോ നടന്നത്.

Top