CMDRF

കാര്‍ണിവലിനൊപ്പം ഇലക്ട്രിക് എസ്.യു.വിയും ഇന്ത്യയിലേക്ക്

താരതമ്യേന കുറഞ്ഞ വിലയിൽ പ്രീമിയം വാഹനങ്ങൾക്ക് സമാനമായ ഫീച്ചറുകൾ നൽകുന്നുവെന്നതായിരുന്നു കാർണിവലിൻ്റെ സവിശേഷത

കാര്‍ണിവലിനൊപ്പം ഇലക്ട്രിക് എസ്.യു.വിയും ഇന്ത്യയിലേക്ക്
കാര്‍ണിവലിനൊപ്പം ഇലക്ട്രിക് എസ്.യു.വിയും ഇന്ത്യയിലേക്ക്

രു വാഹനം നിരത്തൊഴിയുന്നതോടെ ഡിമാൻ്റ് കൂടുന്നത് ഇന്ത്യൻ വാഹന വിപണിയിലെ പതിവ് കാഴ്‌ചയാണ്. കിയ ഇന്ത്യയുടെ ഫ്ളാഗ്ഷിപ്പ് എം.പി.വി. മോഡലായ കാർണിവൽ തന്നെ ഇതിൻ്റെ സുപ്രധാന ഉദാഹരണമാണ്. ആദ്യ വരവിൽ വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതിരുന്ന കാർണിവൽ എന്ന എം.പി.വി. വീണ്ടും ഇന്ത്യയിലേക്ക് എത്തുകയാണ്. ആദ്യം ഇന്ത്യയിൽ നിർമിച്ച് ഇന്ത്യക്കാരനായാണ് കാർണിവൽ എത്തിയിരുന്നതെങ്കിൽ ഇനിയെത്തുന്ന വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്താണ്.

ഒക്ടോബർ മൂന്നാം തീയതി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കിയ മോട്ടോഴ്സ് അറിയിച്ചിട്ടുള്ള കാർണിവൽ എം.പി.വിയുടെ ഡിസൈൻ വെളിപ്പെടുത്തുന്ന ആദ്യ ടീസർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് നിർമാതാക്കൾ. കാർണിവലിന് പുറമെ, കിയയുടെ ഇലക്ട്രിക് വാഹനങ്ങളിലെ ഫ്ളാഗ്ഷിപ്പ് മോഡലായ ഇ.വി.9 എസ്.യു.വിയുടെ ഒക്ടോബർ മൂന്നിന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. ദീപാവലി ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഇവയുടെ വിതരണവും ആരംഭിക്കും.

നിരത്തൊഴിഞ്ഞ കാർണിവൽ മോഡലിൽ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് പുതിയ കാർണിവലിന്റെ വരവെന്നാണ് ടീസർ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ക്രോമിയം സ്റ്റഡുകൾ പതിപ്പിച്ച ഗ്രില്ല്, എൽ ഷേപ്പിൽ നൽകിയിട്ടുള്ള വലിയ ഡി.ആർ.എൽ, നിരയായി നൽകിയിട്ടുള്ള എൽ.ഇ.ഡി. ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പർ എന്നിവയാണ് മുന്നിലെ പുതുമ. അലോയ് വീലിന്റെ ഡിസൈനാണ് വശങ്ങളിലെ മാറ്റം. കിയയുടെ മറ്റ് വാഹനങ്ങളിലേതിന് സമാനമായ ടെയ്ൽലാമ്പാണ് പുതിയ കാർണിവലിലുമുള്ളത്. ബമ്പർ ഉൾപ്പെടെയുള്ളവയിലും മാറ്റം പ്രകടമാണ്.

താരതമ്യേന കുറഞ്ഞ വിലയിൽ പ്രീമിയം വാഹനങ്ങൾക്ക് സമാനമായ ഫീച്ചറുകൾ നൽകുന്നുവെന്നതായിരുന്നു കാർണിവലിൻ്റെ സവിശേഷത. ഈ വരവിലും വാഹനത്തിൻ്റെ ഇൻ്റീയറിലെ ഫീച്ചറുകൾ കുറവ് വരുത്തിയിട്ടില്ല. 12.5 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്ക്രീനുകളാണ് നൽകിയിട്ടുള്ളത്. മുന്നിലും പിന്നിലും ഡാഷ്ക്യാമറ, റോട്ടറി ഡ്രൈവ് സെലക്‌ടർ, ഡിജിറ്റൽ റിയർവ്യൂ മിറർ, ഹെഡ് അപ്പ് ഡി‌സ്പ്ലേ, 14.6 റിയർ എൻ്റർടെയ്ൻമെൻ്റ് സ്ക്രീൻ, ഡിജിറ്റൽ കീ, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.

200 ബിഎച്ച്പി പവറും 440 എൻഎം ടോർക്കുമേകുന്ന 2.2 ലിറ്റർ ടർബോ ചാർജ്‌ഡ് ഡീസൽ എൻജിനാണ് നിരത്തൊഴിഞ്ഞ കിയ കാർണിവൽ എം.പി.വിക്ക് കരുത്തേകിയിരുന്നത്. ഇത് തന്നെയായിരിക്കും പുതിയ മോഡലിലും നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് സ്‌പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും തുടർന്നേക്കും. 2.2 ലിറ്റർ ഡീസൽ, ഇലക്ട്രിക് മോട്ടോറിന്റെ പിന്തുണയോടെ നൽകുന്ന 1.6 ലിറ്റർ പെട്രോൾ, 3.5 ലിറ്റർ പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളിലായിരുന്നു കാർണിവൽ വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ളത്.

Top