തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം പരമാവധി ചൊവ്വാഴ്ചതന്നെ പുനസ്ഥാപിക്കാന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി.
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന എകദേശം മൂന്നു കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും എട്ടു കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. രണ്ടു ട്രാന്‍സ്ഫോര്‍മര്‍ ഒലിച്ചുപോവുകയും മൂന്നു ട്രാന്‍സ്ഫോര്‍മറുകള്‍ നിലം പൊത്തിയിട്ടുമുണ്ട്.
രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ലൈനുകള്‍ക്ക് സാരമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. 350ഓളം വീടുകളുടെ സര്‍വീസ് പൂര്‍ണമായും തകരാറിലായിട്ടുണ്ട്.ദുരന്ത ബാധിത മേഖലയിലെ ഏഴ് ട്രാന്‍സ്‌ഫോര്‍മര്‍ (ഏകദേശം 1400 ഉപഭോക്താക്കള്‍) ഒഴികെ ബാക്കി എല്ലായിടങ്ങളിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.