തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയില്‍ 650 മെഗാവാട്ടിന്റെവരെ കുറവ് വന്നതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15 മിനിട്ട് നേരമാകും വൈദ്യുതി തടസ്സപ്പെടുക. വരും ദിവസങ്ങളിലും നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് അറിയിപ്പ്.
ജാര്‍ഖണ്ഡിലെ മൈത്തോണ്‍ താപനിലയത്തിലെ ജനറേറ്റര്‍ തകരാര്‍ കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. താത്കാലികാടിസ്ഥാനത്തില്‍ പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. യൂണിറ്റിന് 15 രൂപയാണ് രാത്രികാല വില. ഉയര്‍ന്ന വിലയായതിനാലാണ് വാങ്ങാതിരുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാല്‍ വൈദ്യുതി ഉപയോഗം കുറയും എന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കില്ല. രാത്രി ഏഴുമുതല്‍ പതിനൊന്ന് വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.