എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു

ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതില്‍ അടിയന്തര നടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു
എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. കെഎസ്ഇബി വൈദ്യുതിയിലാണ് ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായും എസ്എടി സൂപ്രണ്ട് വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്.

ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതില്‍ അടിയന്തര നടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ തുടക്കത്തില്‍ തന്നെ ക്രമീകരണം ഒരുക്കാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി മുടങ്ങും എന്ന് അറിഞ്ഞിട്ടും കൃത്യമായി ബദല്‍ ക്രമീകരണം ഒരുക്കിയില്ല. ഉടന്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്ന പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേല്‍ പകരം ജനറേറ്റര്‍ എത്തിക്കാന്‍ തുടക്കത്തില്‍ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിച്ചില്ല. രണ്ടാമത്തെ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ല. പുറത്തുനിന്ന് ജനറേറ്റര്‍ എടുക്കുന്നതില്‍ കാലതാമസമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.

രണ്ട് ജനറേറ്റര്‍ ഉണ്ടായിട്ടും അടിയന്തരഘട്ടത്തില്‍ നല്‍കേണ്ട സംവിധാനം എന്തുകൊണ്ട് തകരാറിലായി എന്ന കാര്യത്തിലും അന്വേഷണം ഉണ്ടാകും. ഉദ്യോഗസ്ഥ വീഴ്ചയില്‍ അടിയന്തര നടപടിയും സാങ്കേതിക വീഴ്ചയില്‍ തുടര്‍നടപടികളും ഉണ്ടാകും. ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തത് സാങ്കേതിക സമിതി പരിശോധിക്കും. അതിന് ശേഷമാകും നടപടി.

Also Read: ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് വിഡി സതീശൻ

ഇന്നലെ വൈകീട്ടായിരുന്നു എസ്എടി ആശുപത്രിയില്‍ വൈദ്യുതി തടസപ്പെട്ടത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. മൂന്ന് മണിക്കൂറോളം രോഗികള്‍ക്കുള്‍പ്പടെ ഇരുട്ടില്‍ കഴിയേണ്ടി വന്നു. കെഎസ്ഇബി ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായതാണ് വൈദ്യുതി തടസത്തിന് കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എസ്എടി ലൈനിലും ട്രാന്‍സ്ഫോമറിലും നടന്ന അറ്റകുറ്റപ്പണിക്ക് ശേഷം വൈദ്യുതി പുനസ്ഥാപിച്ചപ്പോള്‍ ആശുപത്രിയില്‍ വൈദ്യുതി എത്തിയില്ല. ആശുപത്രിയിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ തകരാറിലായതായിരുന്നു കാരണം. ഏഴര വരെ ജനറേറ്റര്‍ പ്രവര്‍ത്തിച്ചെങ്കിലും അതിന് ശേഷം രണ്ട് ജനറേറ്ററും തകരാറിലായി.

സംഭവത്തില്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധം ശക്തമാക്കിയിരുന്നു. വൈദ്യുതി ലഭിക്കാതായതോടെ രോഗികള്‍ ദുരിതത്തിലായി. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ജനറേറ്റര്‍ എത്തിച്ച് വൈദ്യുതി പുനസ്ഥാപിച്ചത്. കുട്ടികളുടെ വിഭാഗം, ഐസിയു എന്നിവടങ്ങളില്‍ പ്രശ്‌നമില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.

Top