CMDRF

ഇലക്ട്രിസിറ്റി സപ്ലൈകോഡ് ഭേദഗതി ചെയ്തു: ചെറുകിടസംരംഭകര്‍ക്ക് ഇനി 7 ദിവസത്തിനുള്ളില്‍ കണക്ഷന്‍ ലഭിക്കും

ഇലക്ട്രിസിറ്റി സപ്ലൈകോഡ് ഭേദഗതി ചെയ്തു: ചെറുകിടസംരംഭകര്‍ക്ക് ഇനി 7 ദിവസത്തിനുള്ളില്‍ കണക്ഷന്‍ ലഭിക്കും
ഇലക്ട്രിസിറ്റി സപ്ലൈകോഡ് ഭേദഗതി ചെയ്തു: ചെറുകിടസംരംഭകര്‍ക്ക് ഇനി 7 ദിവസത്തിനുള്ളില്‍ കണക്ഷന്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്തു. കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2024 5-ാം ഭേദഗതി പ്രസിദ്ധീകരിച്ചു. കണ്‍സ്യൂമര്‍ റൂള്‍സിന്റെയും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെയും ഉപഭോക്താക്കളില്‍ നിന്നും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭേദഗതി.

ഈസ് ഓഫ് ഡുയിങ് ബിസിനസ്സിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിസിറ്റി (റൈറ്റ്‌സ് ഓഫ് കണ്‍സ്യൂമേഴ്‌സ്) റൂള്‍സ്, 2020ല്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ കേരള സര്‍ക്കാര്‍, നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വ്യവസായങ്ങള്‍/ എച്ച്.ടി/ ഇ.എച്ച്.ടി ഉപഭേക്താക്കള്‍ക്ക് സര്‍വ്വീസ് കണക്ഷന്‍ നല്‍കുന്നതിനുള്ള കരാര്‍ വ്യവസ്ഥകള്‍ ലളിതമാക്കുവാനും, പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് കണക്റ്റഡ് ലോഡിനെ മാനദണ്ഡമാക്കി ഏകീകൃത നിരക്കുകള്‍ കൊണ്ടുവരുവാനും, സിംഗിള്‍ പോയിന്റെ സപ്ലൈക്ക് നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കൊണ്ടുവരുവാനും നിര്‍ദ്ദേശിച്ചിരുന്നു.

സപ്ലൈ കോഡ് ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രധാന മാറ്റങ്ങള്‍

  1. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന്‍ സംബന്ധമായ വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘുകരിക്കുന്നതിനൊപ്പം ലൈസന്‍സി നല്‍കേണ്ട എല്ലാവിധ സേവനങ്ങളും ഓണ്‍ലൈന്‍ വഴി നിര്‍ബന്ധമാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ഭേദഗതി കോഡില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇതുമൂലം ലൈസന്‍സിയുടെ ഓഫീസില്‍ പോകാതെ തന്നെ ഉപഭോക്താവിന് പുതിയ സര്‍വ്വീസ് കണക്ഷന്‍, റീകണക്ഷന്‍, നിലവിലെ വൈദ്യുതി കണക്ഷന്റെ പരിഷ്‌ക്കരണം, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് / കോണ്‍ട്രാക്റ്റ് ഡിമാന്റ് എന്നിവയിലുള്ള മാറ്റങ്ങള്‍ മുതലായ സേവനങ്ങള്‍ ഓണ്‍ലൈനായി തന്നെ ചെയ്യാവുന്നതാണ്. നടപടികള്‍ സുതാര്യമാകുകയും നടപടിക്രമങ്ങളുടെ വേഗത വര്‍ദ്ധിക്കുകയും ചെയ്യും. മാത്രമല്ല അപേക്ഷകളുടെ നടപടിക്രമങ്ങളില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ലൈസന്‍സിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനെയും, കണ്‍സ്യൂമറെയും അറിയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഭേദഗതിയില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇതുകൂടാതെ ഉപഭോക്താവ് അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകവും, ദുര്‍ഘട്രപ്രദേശങ്ങളില്‍ ഒരു മാസത്തിനകവും വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന് കരടില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
  2. അപേക്ഷ നല്‍കി ഒരാഴ്ച മുതല്‍ നാല്പത്തഞ്ച് ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി, വൈദ്യുതി തൂണിന്റെയും, ദൂരത്തിന്റെയും സര്‍വീസ് ലൈനിന്റെയും മറ്റ് ഉപകരണങ്ങളുടെയും ആവശ്യകത അനുസരിച്ച് ലൈസന്‍സിയുടെ ഉദ്യോഗസ്ഥന്‍ കണക്കാക്കി നിശ്ചയിക്കുന്ന തുക അപേക്ഷകരെ അറിയിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി കാലതാമസം ഉണ്ടാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നു എന്നതിനാല്‍ അപേക്ഷയിന്മേലുള്ള കണക്റ്റഡ് ലോഡ്/ ഡിമാന്റ് ലോഡ് (കിലോവാട്ട്/ കെ.വി.എ) അടിസ്ഥാനത്തില്‍ അപേക്ഷകന്‍ അടക്കുന്നതിനുള്ള തുക നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത രീതി, നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന സമയത്ത് തന്നെ ഉപഭോക്താവിന് അടയ്ക്കുവാനുള്ള തുക അറിയുവാനും അപ്പോള്‍ തന്നെ നിരക്കുകള്‍ അടയ്ക്കുവാനും സാധിക്കുന്നതുമാണ്. കണക്റ്റഡ് ലോഡ് അടിസ്ഥാനമാക്കിയുളള രീതിയില്‍ നിരക്ക് നിശ്ചയിക്കുന്നതിലൂടെ നടപടി ക്രമങ്ങളിലെ സുതാര്യത ഉറപ്പുവരുന്നതാണ്.
  3. സംസ്ഥാനത്ത് ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി ഈ വ്യവസായങ്ങള്‍ക്ക് വീടിനോട് ചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുവാനുള്ള ചട്ടങ്ങള്‍ 2020-ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി അഞ്ചു കുതിരശക്തി വരെയുള്ള മോട്ടോര്‍ അല്ലെങ്കില്‍ നാല് കിലോവാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള സംരംഭങ്ങള്‍ക്ക് പുതിയ കണക്ഷന്‍ എടുക്കേണ്ടതില്ല. പകരം വീട്ടിലെ വൈദ്യുതി കണക്ഷന്‍ തന്നെ ഇതിനായി പ്രയോജനപ്പെടുത്താം. ഇതിനുള്ള ചട്ടങ്ങള്‍ ഭേദഗതി കോഡില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
  4. ഡിമാന്റ് അധിഷ്ഠിത ബില്ലിംഗ് താരിഫ് ഉള്ള ഉപഭോക്താക്കള്‍ കണക്റ്റഡ് ലോഡില്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാല്‍ പിഴയിടാക്കുന്നത് സംബന്ധിച്ച വ്യക്തതയുള്ള നടപടിക്രമങ്ങള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധിക ലോഡിന്റെ ഉപയോഗം മീറ്ററില്‍ രേഖപ്പെടുത്തിയത് കണക്കിലെടുത്ത് മാത്രമേ അധിക കണക്റ്റഡ് ലോഡ് ലംഘനത്തിന് പിഴയീടാക്കുവാന്‍ പാടുള്ളൂ എന്നാണ് ഭേദഗതി കോഡില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്.
  5. 20 കിലോവാട്ടിന് മുകളിലുള്ള വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ അനുമതി ലഭിച്ചാല്‍ ഉടനെ തന്നെ പ്രസ്തുത സംരംഭകന്റെ കണക്റ്റഡ് ലോഡിന്റെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സിയോട് ആവശ്യമായ വൈദ്യുതി സമയബന്ധിതമായി ലഭിക്കുന്നതിന് വേണ്ടി അപേക്ഷിച്ചു അംഗീകാരം നേടാവുന്നതാണ്. തന്മൂലം ലൈസന്‍സിക്ക് പ്രസ്തുത സംരംഭത്തിന് വൈദ്യുതി നല്‍കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍കൂട്ടി വികസിപ്പിക്കാവുന്നതാണ്. ഈ ചട്ടം നിലവില്‍ വരുന്നതുമൂലം സ്ഥാപനങ്ങള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് കാലതാമസം ഇല്ലാതെ തന്നെ വൈദ്യുതി കണക്ഷന്‍ നല്‍കുവാന്‍ സാധിക്കും.
  6. ചട്ടം 56 പ്രകാരമുള്ള സിംഗിള്‍ പോയിന്റ് സപ്ലൈ നല്‍കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങള്‍ അനുബന്ധം (23) ആയി ഭേദഗതി കോഡില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
  7. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള സ്റ്റേറ്റ് ആക്ഷന്‍ പ്ളാന്‍ 2.0 പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിത ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുവാനായി പുതിയ ഊര്‍ജ്ജനയം സംസ്ഥാന സര്‍ക്കാര്‍ രൂപികരിച്ചിരുന്നു. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കൂടുതല്‍ വൈദ്യുതി ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ തുടങ്ങുവാനും പ്രസ്തുത നയത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയതും പഴയതുമായ ബഹുനില കെട്ടിടങ്ങളില്‍ വൈദ്യുതി ചാര്‍ജിങ്ങ് യൂണിറ്റ് സ്ഥാപിക്കുന്നതിനുമുള്ള ചട്ടങ്ങളും ഭേദഗതി കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  8. കണക്റ്റഡ് ലോഡില്‍ നിന്നും ഡിമാന്‍ഡ് ലോഡ് ലൈസന്‍സി കണക്കാക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിമാന്റ് ഫാക്ടര്‍, പവര്‍ ഫാക്ടര്‍ എന്നിവ കൂടി കണക്കാക്കി കണക്ടഡ് ലോഡില്‍ നിന്നും ഡിമാന്‍ഡ് ലോഡ് കണക്കാക്കുന്നതിന്റെ വിശദീകരണവും ഭേദഗതി കോഡില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
  9. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കുന്നതും, സെക്യൂരിറ്റി ഡെപ്പോസിറ്റും അതിന്റെ പലിശ റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാടക കെട്ടിടങ്ങളിലെ ഉടമയും വാടകക്കാരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ കമ്മീഷനില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിട ഉടമയുടെയും, പാട്ടക്കാരന്‍/ വാടകക്കാരന്റെയും രേഖകള്‍ ലൈസന്‍സി സൂക്ഷിക്കുന്നതിനും സെക്യൂരിറ്റി ഡെപ്പോസിറ്റുകള്‍ അടയ്ക്കുന്നതിന് പ്രത്യേക അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നതിനുമുള്ള ചട്ടങ്ങള്‍ ഭേദഗതിയില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
  10. കൂടാതെ വിവിധ വോള്‍ട്ടേജ് ലെവലില്‍ നല്‍കാവുന്ന പരമാവധി കണക്റ്റഡ് ലോഡ്/ കോണ്‍ട്രാക്റ്റ് ഡിമാന്റിന്റെ പരിഷ്‌ക്കരിച്ച ലോഡ് വിവരങ്ങള്‍ റഗുലേഷന്‍ 8, 8(എ) യില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
Top