ജയ്പൂര്‍: ലിഫ്റ്റ് തകരാറിലായതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ഖനിയില്‍ 14 പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലുള്ള കോലിഹാന്‍ ഖനിയിലാണ് സംഭവം. പരിശോധനയ്ക്കായി പോയ മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ലിഫ്റ്റിലുണ്ടായിരുന്നത്.
ഡോക്ടര്‍മാരുടെ സംഘത്തെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി ഖനിയ്ക്ക് പുറത്ത് വിന്യസിച്ചിട്ടുണ്ട്. ഖനിയില്‍ കുടുങ്ങിയവരുമായി ആശയവിനിമയം സാധ്യമാവുന്നില്ലെന്നാണ് നിലവിലെ വിവരം. രക്ഷാദൗത്യം തുടരുകയാണ്. ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാവരും സുരക്ഷിതരായി പുറത്തെത്തും. സ്ഥലം എംഎല്‍എ ധര്‍മപാല്‍ ഗുജ്ജാര്‍ പറഞ്ഞു.
ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഖനി. കൊല്‍ക്കത്തയില്‍ നിന്നുള്ള വിജിലന്‍സ് സംഘവുമായി പോയ ലിഫ്റ്റ് ഖനിയ്ക്കുള്ളില്‍ 2000 അടി താഴ്ചയില്‍ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഉപേന്ദ്ര പാണ്ഡേ, ഖേത്രി കോംപ്ലക്‌സ് യൂണിറ്റ് തലവന്‍ ജി ഡി ഗുപ്ത, കോലിഹാന്‍ ഖനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ കെ ശര്‍മ്മ തുടങ്ങിയവര്‍ ലിഫ്റ്റില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടുന്നു. വിജിലന്‍സ് സംഘത്തിനൊപ്പം ഒരു മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമുണ്ടായിരുന്നു.