യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏകദേശം രണ്ടാഴ്ച ശേഷിക്കെ, ഭരണാഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പിടുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും ഒരു മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് എലോണ്‍ മസ്‌ക്. അഭിപ്രായസ്വാതന്ത്ര്യത്തെയും ആയുധം കൈവശം വെക്കുവാനുള്ള അവകാശത്തെയും പിന്തുണക്കുന്നുവെന്ന നിവേദനത്തില്‍ ഒപ്പിടുന്നവര്‍ക്കാണ് തുക ലഭിക്കുക.
അമേരിക്ക പിഎസിയുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള നിവേദനം, യുഎസ് ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണച്ച് സ്വിംഗ് സ്റ്റേറ്റ് വോട്ടര്‍മാരില്‍ നിന്ന് 1 ദശലക്ഷം ഒപ്പുകള്‍ ശേഖരിക്കാന്‍ ലക്ഷ്യമിടുന്നത്.
Alos Read: സൗരകൊടുങ്കാറ്റുകള്‍ ഭൂമിയിലേക്ക്? മുന്നറിയിപ്പുമായി നാസ
‘ഒന്നാമത്തെയും രണ്ടാമത്തെയും ഭേദഗതികള്‍ അഭിപ്രായ സ്വാതന്ത്ര്യവും ആയുധങ്ങള്‍ കൈവശം വെക്കുവാനുള്ള അവകാശവും ഉറപ്പുനല്‍കുന്നു. ചുവടെ ഒപ്പിടുന്നതിലൂടെ, ഒന്നും രണ്ടും ഭേദഗതികള്‍ക്ക് ഞാന്‍ പിന്തുണ വാഗ്ദാനം ചെയ്യുന്നു,’ ഹര്‍ജിയില്‍ പറയുന്നു.
ശനിയാഴ്ച പെന്‍സില്‍വാനിയയിലെ ഒരു പ്രചരണത്തില്‍ പങ്കെടുത്തയാള്‍ക്ക് മസ്‌ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ സംഘടനയായ അമേരിക്ക പിഎസി നവംബര്‍ 5ന് തെരഞ്ഞെടുപ്പ് ദിനം വരെ പ്രതിദിനം 1 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് എലോണ്‍ മസ്‌ക് വ്യക്തമാക്കി. ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന് പിന്തുണയുമായാണ് മസ്‌ക് അമേരിക്ക പിഎസി ആരംഭിച്ചത്. ഫെഡറല്‍ വെളിപ്പെടുത്തലുകള്‍ പ്രകാരം, മസ്‌ക് അമേരിക്ക പിഎസിക്ക് കുറഞ്ഞത് 75 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്.