വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാന്‍ ശതകോടിശ്വരനും ടെസ്ല സ്ഥാപകനും എക്‌സ്സ് ഉടമയുമായ ഇലോണ്‍ മസ്‌കിന്റെ വൈറ്റ്ഹൗസ് സുരക്ഷ ഉപദേഷ്ടാവായി നിയമിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് തള്ളി രംഗത്തുവന്നിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് മസ്‌ക് പറയുന്നത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്കായിരുന്നു മാസ്‌കിന്റെ എക്‌സ് പോസ്റ്റ്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. വൈറ്റ്ഹൗസ് ഉപദേഷ്ടാവാക്കുന്നത് സംബന്ധിച്ച് ട്രംപും മാസ്‌കും തമ്മില്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ജൂലൈയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വന്‍ഷനില്‍ മസ്‌കിനെ ക്ഷണിക്കാന്‍ ട്രംപിന്റെ കാമ്പയില്‍ അധികൃതര്‍ക്ക് പദ്ധതിയുണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ ട്രംപ് പ്രസിഡന്റ് പദവിയിലിരിക്കെ വൈറ്റ് ഹൗസിന്റെ ബിസിനസ് അഡൈ്വസറി ഗ്രൂപ്പില്‍ മസ്‌ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പാരീസ് കലാവസ്ഥ ഉടമ്പടിയില്‍ നിന്ന് ട്രംപ് പിന്‍മാറിയതോടെ ഈ സ്ഥാനങ്ങള്‍ രാജിവെച്ചു. 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും സാമ്പത്തിക സഹായം നല്‍കില്ലെന്ന് ഈ വര്ഷം ആദ്യം മസ്‌ക് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചില്‍ ട്രംപും മാസ്‌കും വ്യവസായിയായ നെല്‍സണ്‍ പെല്‍റ്റ്‌സിന്റെ എസ്റ്റേറ്റില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നുമുതല്‍ കുടിയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്താറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ മസ്‌ക് പ്രതികരിച്ചിരുന്നു. പിന്നീട് ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ മസ്‌ക് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ട് ആയ ട്രൂത്ത് സോഷ്യല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ട്രംപ്.